മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം

0
94

മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം. മകര ജ്യോതിയുടെ പുണ്യ ദര്‍ശനത്തിനായുളള അനേകായിരം അയ്യപ്പ ഭക്തരുടെ കാത്തിരിപ്പിന് ഇന്ന് പരിസമാപ്തിയാകും. കോവിഡ് ആശങ്കകളൊഴിഞ്ഞ തീര്‍ഥാടനകാലമായതിനാല്‍ ഇത്തവണ വലിയ തിരക്കാണ് മകരവിളക്കിന് പ്രതീക്ഷിക്കുന്നത്. പൂങ്കാവനത്തിലെ പര്‍ണശാലകളില്‍ നിന്നു ശരണം വിളിയുടേയും ഭജന കീര്‍ത്തനങ്ങളുടേയും നാദം ഇന്ന് ഉയരും.

ലക്കണക്കിന് വിശ്വാസികളുടെ കണ്ഡമിടറിയുള്ള ശരണം വിളിയില്‍ അങ്ങകലെ പൊന്നമ്പല മേട്ടില്‍ മിന്നിത്തെളിയുന്ന മകരവിളക്ക് ഭക്തര്‍ക്ക് ഒരു ജന്മത്തിന്റെ സാക്ഷാത്കാരമാണ്. ശബരിമലയിലെ ഓരോ വിശ്വാസകാലത്തെയും അടയാളപ്പെടുത്തുന്ന പൊന്നമ്പല മേട്ടില്‍ തെളിയുന്ന മകരവിളക്ക് ഭക്തരുടെ സാഫല്യമാണ്. കല്ലുംമുള്ളും ചവിട്ടി മലകയറിയെത്തിയവര്‍ക്ക് അവകാശപ്പെട്ട ദര്‍ശന പുണ്യം.

വൈകിട്ട് ആറരക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് പൊന്നമ്പല മേട്ടിലെ മകരജ്യോതി ദർശനം. ഈ സമയത്ത് കിഴക്കന്‍ ചക്രവാളത്തില്‍ മകര നക്ഷത്രം ഉദിക്കും. തുടര്‍ന്നു പൊന്നമ്പലമേട്ടില്‍ കര്‍പ്പൂര ജ്യോതിയും തെളിയും. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ കണ്ടു തൊഴാനും ജ്യോതി ദര്‍ശിച്ച് പുണ്യം നേടാനുമാണ് ഭക്തലക്ഷങ്ങള്‍ കാത്തിരിക്കുന്നത്. പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് കാണാൻ സൗകര്യമുണ്ട്.

2000 പൊലീസുകാരെയാണ് പമ്പ മുതൽ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്. തിരുവഭരണ ഘോഷയാത്ര വരുന്നതിനാൽ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല. പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം അയ്യപ്പന്മാരുടെ പര്‍ണശാലകള്‍ ഉണ്ട്. പ്രധാന ചടങ്ങായ പമ്പവിളക്കും പമ്പാസദ്യയും നടത്തി പതിനായിരങ്ങള്‍ കൂടി എത്തുന്നതോടെ സന്നിധാനം അയ്യപ്പഭക്തരാല്‍ നിറയും.