പാലക്കാട് വീണ്ടും പി ടി 7 ഇറങ്ങി, ഭീതിയോടെ നാട്ടുകാര്‍

0
129

പാലക്കാട് ധോണിയില്‍ വീണ്ടും പി ടി 7 എന്നറിയപ്പെടുന്ന കാട്ടാന ഇറങ്ങി. പുലര്‍ച്ചെ 5.30 ന് ലീഡ് കോളേജിന് സമീപത്താണ് ആന ഇറങ്ങിയത്. കഴിഞ്ഞ ദിവസവും ആന ഇറങ്ങിയെങ്കിലും ഒരു കൊമ്പനും ഒരു പിടിയാനയും ഒപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഒറ്റയ്ക്കായിരുന്നു പിടി എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമഫലമായി ആനയെ കാടുകയറ്റിയിട്ടുണ്ട്. എന്നിരുന്നാലും വലിയ ആശങ്കയിലാണ് ധോണിയിലെ ജനങ്ങള്‍ കഴിയുന്നത്.

തുടര്‍ച്ചയായി ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ആന പ്രദേശവാസികളുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. കാട്ടാന ശല്യം രൂക്ഷമായതോടെ വൈകിട്ട് ആറ് മണിയ്ക്ക് ശേഷം ഇവിടെയുള്ളവര്‍ ഇപ്പോള്‍ പുറത്തിറങ്ങാറില്ല. അതിരാവിലെ ജോലിക്ക് പോകുന്നവരാണ് പലപ്പോഴും ആനയുടെ മുന്നില്‍പ്പെടാറുള്ളത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രഭാത നടത്തത്തിനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നിരുന്നു. അതിനുശേഷം ഇവിടുളളവര്‍ പ്രഭാത നടത്തം തന്നെ വേണ്ടെന്ന് വച്ചിരിക്കുകയാണ്. അത്രമാത്രം ഭീതിയിലാണ് ഓരോ ദിനവും ജനങ്ങള്‍ കഴിച്ചുകൂട്ടുന്നത്.

പാലക്കാട് കേന്ദ്രമാക്കി കാണപ്പെടുന്ന ആനകളെ തിരിച്ചറിഞ്ഞ് പേരുകള്‍ നല്‍കിയിട്ടുണ്ട്. പാലക്കാട് ടസ്‌കര്‍ (പിടി) എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ഏകദേശം പതിനഞ്ചോളം ആനകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയ്ക്ക് പാലക്കാട് ടസ്‌കര്‍ എന്ന പേരിനൊപ്പം ഒന്നു മുതലുള്ള നമ്പരുകള്‍ ഉപയോഗിച്ചാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.