യാത്രക്കാരന് അപസ്മാരം; നേരെ ആശുപത്രിയിലേക്ക് കുതിച്ച് KSRTC ബസ്

0
137

കോഴിക്കോട് മാവൂരില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ കെഎസ്ആര്‍ടിസി ബസില്‍ ആശുപത്രിയിലേക്ക് എത്തിച്ചു. എറണാകുളം ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ് അരയിടത് പാലം ഭാഗത്ത് എത്തിയപ്പോള്‍ യാത്രക്കാരന് അപസ്മാരം അനുഭവപ്പെടുകയായിരുന്നു. വൈകിട്ട് 7.30ഒടെയാണ് സംഭവം.

യാത്രക്കാരന്‍ അവശനിലയിലായതോടെ ബസ്സ് തൊട്ടടുത്തുള്ള ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കയറ്റുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാരും യാത്രക്കാരും കണ്ടക്ടറും ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനിടെ ബസ് ആശുപത്രിയിലേക്ക് കയറ്റുമ്പോള്‍ നേരിയ ഗതാഗത തടസ്സം ഉണ്ടായെങ്കിലും ട്രാഫിക് പോലീസിന്റെ സമയോചിതമായ ഇടപെടല്‍ സഹായകരമായി. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ ആയ അഷ്‌റഫും കണ്ടക്ടര്‍ ശിബിലയുമായിരുന്നു ബസിലെ ജീവനക്കാര്‍. യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച ശേഷം ബസ് യാത്ര തുടര്‍ന്നു.