അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നടന്ന ചാവേറാക്രമണത്തെ അപലപിച്ച് ഇന്ത്യ

0
110

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നടന്ന ചാവേറാക്രമണത്തെ അപലപിച്ച് ഇന്ത്യ. കാബൂളിലെ വിദേശാകാര്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിന് സമൂപമാണ് ഭീകരാക്രമണം ഉണ്ടായത്. നിരവധി സാധാരണക്കാർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ബുധനാഴ്ചയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാൻ മാദ്ധ്യമമായ ടോളോന്യൂസ് റിപ്പോർട്ട് ചെയ്തു.

”നിരപരാധികളായ സാധാരണക്കാരുടെ ജീവൻ അപഹരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത കാബൂളിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നു,” വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു. പ്രദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് സ്ഫോടനം. വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ചൈനീസ് പ്രതിനിധ സംഘവുമായി താലിബാൻ അധികൃതരുടെ യോഗം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം.

തോളിൽ ബാഗുമായി വന്ന ഒരാൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ ഒരു ഡ്രൈവർ പറഞ്ഞിരുന്നു. തന്റെ വാഹനത്തിന് സമീപത്ത് കൂടി ബാഗുമായി ഒരാൾ പോകുന്നത് കണ്ടു. അല്പസമയത്തിന് ശേഷം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയ്ക്കുകയായിരുന്നുവെന്നും ഡ്രൈവർ പറയുന്നു.