പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി. പീച്ചി സ്വദേശി സി എല്‍ ഔസേപ്പിനെ പിരിച്ചുവിട്ടു. സംഭവത്തില്‍ ഡ്രൈവറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഔസേപ്പ് ഡ്രൈവറായി തുടര്‍ന്നാല്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടമാകുമെന്നാണ് പിരിച്ചുവിടല്‍ ഉത്തരവിലുള്ളത്. കൃത്യവിലോപം കെഎസ്ആര്‍ടിസിക്ക് അവമതിപ്പുണ്ടായെന്നും വിലയിരുത്തലുണ്ടായി. വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവറായിരുന്നു ഔസേപ്പ്.
2022 ഫെബ്രുവരെ 17ന് ആണ് സംസ്ഥാനത്തെ നടുക്കിയ സംഭവമുണ്ടായത്. ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ലോറിയ്ക്ക് സമീപത്ത് കൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്കിന്റെ ഇടത് ഭാഗത്തുകൂടെയെത്തിയ ബസ് പെട്ടെന്ന് വെട്ടിച്ചു. ബസില്‍ തട്ടാതിരിക്കാനായി യുവാക്കള്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ ലോറിയില്‍ തട്ടിയ ശേഷം തിരികെ ബസിനടിയില്‍ വീഴുകയായിരുന്നു.
ആദര്‍ശ്, സബിത്ത് എന്നീ യുവാക്കളാണ് മരിച്ചത്. ഔസേപ്പും ഇവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായതായി ബസിലുള്ളവര്‍ പറഞ്ഞതായി സബിത്തിന്റെ സഹോദരന്‍ ശരത് പറഞ്ഞിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ ഔസേപ്പിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണം ഉയര്‍ന്നു. ഇതോടെ കുഴല്‍മന്ദം സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷഷണ സംഘത്തെ പാലക്കാട് എസ്പി നിയോഗിച്ചിരുന്നു.
വിനയായത് റോഡിലെ ക്രോധപ്രകടനം..
സംഭവത്തിന്റെ ദൃശ്യങ്ങള്‍ കണ്ടവര്‍ക്ക് ഊഹിക്കാവുന്ന ഒരു കാര്യം ‘റോഡ് റേജ്’ അഥവാ റോഡിലെ ക്രോധപ്രകടനമാണ് പ്രശ്‌നം സൃഷ്ടിച്ചതെന്നാണ്. നിമിഷാര്‍ധം കൊണ്ട് കുതിച്ചുയര്‍ന്ന രോഷാഗ്‌നി. അതാണ് ഈ അപകടത്തിനു പിന്നിലെന്നാണ് മനസ്സിലാക്കേണ്ടത്. യുഎസ്സില്‍ നടത്തിയ ഒരു സര്‍വേയില്‍ വ്യക്തമായത് 80 ശതമാനം ഡ്രൈവര്‍മാരും റോഡ് റേജ് പ്രകടിപ്പിക്കുന്നുണ്ട് എന്നാണ്. ഇതേ പഠനം ചൂണ്ടിക്കാട്ടിയ മറ്റൊരു ഗൗരവതരമായ വസ്തുത, റോഡപകടങ്ങളില്‍ 56 ശതമാനവും സൃഷ്ടിക്കുന്നത് ഈ ചൂടന്മാരായ ഡ്രൈവര്‍മാരാണ്.
എന്തൊക്കെയാണ് റോഡ് റേജിന് കാരണം?
വ്യക്തിപരമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് നാമെല്ലാവരും. പലതരം സ്‌ട്രെസ്സുകള്‍ നമ്മുടെയെല്ലാം കൂടെ എപ്പോഴുമുണ്ട്. പ്രത്യേകിച്ച് നമ്മുടെ കുടുംബസംവിധാനങ്ങളില്‍ ആരോടും പ്രകടിപ്പിക്കാനാകാതെ അടക്കി വെക്കുന്ന രോഷമോ, ദുഖമോ മറ്റ് വൈകാരികാവസ്ഥകളോ ഒക്കെ അണപൊട്ടിച്ചൊഴുക്കാന്‍ പറ്റിയ ഒരു സ്ഥലമായി പലരും നിരത്തുകളെ കാണുന്നു.
മറ്റൊരു കാരണം, റോഡില്‍ ഇറങ്ങിയാല്‍ സമയത്തിന് വിചാരിച്ച സ്ഥലത്ത് എത്താന്‍ പറ്റാത്ത തരം തടസ്സങ്ങളുണ്ടാകുന്നതാണ്. വലിയൊരു ട്രാഫിക് കുടുക്കില്‍ കുടുങ്ങിക്കിടക്കുകയാണെങ്കില്‍ ആളുകള്‍ക്കുള്ളില്‍ ക്രോധം വളരും. നേരത്തിന് വീട്ടില്‍ നിന്നിറങ്ങാതെ റോഡില്‍ വന്ന് മറ്റ് ഡ്രൈവര്‍മാരോട് മസില് കാണിക്കുന്നവരും ഉണ്ട്. മറ്റൊരു കാരണം, സോഷ്യല്‍ മീഡിയയിലും മറ്റും ഉണ്ടാകുന്ന റേജിന് സമാനമായ കാരണമാണ്. താന്‍ ചൂടാവുന്ന ആളുമായി ജീവിതത്തില്‍ തനിക്ക് വേറെ ഇടപാടുകളൊന്നും ഉണ്ടാകാന്‍ ഇടയില്ലെന്ന ധൈര്യമാണിത്. മറ്റൊരു കൂട്ടരുണ്ട്. ഇവര്‍ക്ക് വേറെ പ്രശ്‌നങ്ങളൊന്നും കാണില്ല. നിയമം അനുസരിക്കുന്നത് ഇഷ്ടമല്ല. ഇത്തരക്കാര്‍ നിയമം തെറ്റിച്ച് സ്വന്തം കാര്യം നോക്കി വണ്ടിയോടിക്കും. റോഡില്‍ തടസ്സങ്ങളുണ്ടാക്കും. തടസ്സമുണ്ടാക്കാന്‍ മറ്റുള്ളവര്‍ തന്നെ അനുവദിക്കുന്നില്ലെങ്കില്‍ ചൂടാവും.
എങ്ങനെയാണ് ഒഴിവാക്കുക?
–എവിടെയെങ്കിലും സമയത്തിന് എത്തേണ്ടതുണ്ടെങ്കില്‍ സമയത്തിന് പുറത്തിറങ്ങുക എന്നതാണ് കാര്യം. ഇത് ചെയ്യാതെ റോഡില്‍ നിന്ന് മറ്റുള്ളവരോട് ചൂടായിട്ട് കാര്യമില്ല.
–ഇനി രോഷം ഉള്ളിലുണ്ടെങ്കില്‍ തന്നെയും, നിയന്ത്രിക്കാന്‍ ശ്രമിക്കുക. ആഗ്രഹിച്ചിട്ടും നിയന്ത്രിക്കാന്‍ പറ്റാതെ വരുന്നുണ്ടെങ്കില്‍, മനസ്സ് ശാന്തമാകുന്ന സമയത്ത് ഒരു ഡോക്ടറെ കാണാന്‍ പോകുക. പലപ്പോഴും നല്ല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
–മറ്റ് ഡ്രൈവര്‍മാര്‍ പതുക്കെയാണ് പോകുന്നതെങ്കില്‍ അതിന് പല കാരണങ്ങളുമുണ്ടാകാം. അവരെ ശ്രദ്ധിച്ച് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുക മാത്രമേ പോംവഴിയുള്ളൂ. ഡ്രൈവിങ് പഠിച്ചു വരുന്ന ഒരാളാണെങ്കില്‍ അയാള്‍ അതിവേഗതയില്‍ വണ്ടിയെടുത്തെന്ന് വരില്ല. എപ്പോഴും ആലോചിക്കേണ്ടത്, വാഹനത്തില്‍ പോകുന്നയാള്‍ എന്തുതന്നെ പറഞ്ഞാലും വേഗതയില്‍ തന്നെയാണ് പോകുന്നത് എന്നതാണ്.
–മറ്റ് ഡ്രൈവര്‍മാര്‍ ചൂടാവുന്നുണ്ടെങ്കില്‍ അവരെ പ്രകോപിപ്പിക്കുന്ന യാതൊന്നും പറയാതിരിക്കുക, ചെയ്യാതിരിക്കുക. തിരിച്ച് ചൂടാവുന്നത് ഒരു പരിഹാരവും റോഡില്‍ നല്‍കുന്നില്ല. പൊലീസോ കോടതിയോ നിങ്ങളുടെ ചൂടിന് അനുകൂലമായ യാതൊരു പരിഗണനയും നല്‍കുകയില്ല. പണി തിരിച്ച് കിട്ടാനും വഴിയുണ്ട്.