ഗോളടിച്ച് ലോക റെക്കോർഡിട്ട് കേരളം; 12 മണിക്കൂര്‍ കൊണ്ട് 4500 പെനാല്‍റ്റി കിക്കുകൾ

0
88

ഗോളടിച്ച് ലോക റെക്കോർഡിട്ട് കേരളം. സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ച ഡ്രീം ഗോൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഉദ്യമത്തിൽ 12 മണിക്കൂർ കൊണ്ട് 4500 പെനാല്‍റ്റി കിക്കുകളാണ് പൂർത്തിയാക്കിയത്. ലോകത്ത് പലരാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് കേരളത്തിന്റെ വിജയം. ഗ്രൗണ്ടിൽ ഒരേ സമയം രണ്ടു ടീമുകളും ഗ്യാലറിയിൽ നാലു ടീമുകളും ഷൂട്ടൗട്ടിനു സജ്ജമായിരിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം നടത്തിയത്. ഇതിലൂടെ സമയനഷ്ടം ഒഴിവാക്കി.

സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡ്രീം ഗോൾ ഗിന്നസ് റെക്കോഡ് ഉദ്യമത്തിൽ മലപ്പുറം ജില്ലയിലെ സ്‌കൂൾ കോളെജ് വിദ്യാർഥികളും പൊതുജനങ്ങളുമാണ് പങ്കെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ കോളേജ് വിദ്യാർഥികളെ 50 പേരടങ്ങുന്ന ടീമുകളായി തിരിച്ച് രാവിലെ ഏഴു മണി മുതലാണ് ഷൂട്ടൗട്ട് ആരംഭിച്ചത്.

വൈകിട്ട് പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഫുട്ബോൾ ലോകകപ്പിന്റെയും സന്തോഷ് ട്രോഫിയിലെ കുതിപ്പിന്റെയുമെല്ലാം ആവേശത്തിൽ കാൽപ്പന്തിന്റെ മറ്റൊരു ആഘോഷത്തിനു കൂടിയാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.