നൂറ് കണക്കിന് അഫ്‌ഗാൻ അഭയാർത്ഥികളെ നാടുകടത്തി പാക്കിസ്ഥാൻ

0
88

രാജ്യത്തിനെതിരായ താലിബാൻ ഭീഷണിയുടെ പശ്ചാത്തലത്തിൽ കുടിയേറ്റക്കാർക്കെതിരായ പുതിയ നടപടിയുടെ ഭാഗമായി പാകിസ്ഥാൻ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 600 അഫ്‌ഗാൻ അഭയാർത്ഥികളെ നാടുകടത്തി. സിന്ധ് പ്രവിശ്യയിൽ നിന്ന് ശനിയാഴ്‌ച 302 പേരെയും തിങ്കളാഴ്‌ച 303 പേരെയും അഫ്‌ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചു.

ഇവരിൽ 63 സ്ത്രീകളും 71 കുട്ടികളും ഉൾപ്പെടുന്നു. വരും ദിവസങ്ങളിൽ 800 പേരെ കൂടി നാടുകടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ഓഗസ്‌റ്റിൽ താലിബാൻ അധികാരത്തിൽ വന്നതിനുശേഷം ഏകദേശം 2.5 ലക്ഷം അഫ്‌ഗാനികൾ പാക്കിസ്ഥാനിൽ അഭയം തേടിയെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം മുതൽ പാക്കിസ്ഥാൻ അഫ്‌ഗാനികളെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് നാടുകടത്താൻ തുടങ്ങിയിരുന്നു.

ഒക്‌ടോബർ മുതൽ അറസ്‌റ്റുകളും തടങ്കലുകളും വർദ്ധിച്ചു വന്നിരുന്നു. ഏകദേശം 1,400 അഫ്‌ഗാനികൾ (ഇതിൽ 129 സ്ത്രീകളും 178 കുട്ടികളും ഉൾപ്പെടുന്നു) കറാച്ചിയിൽ തടങ്കലിലാക്കിയിട്ടുണ്ടെന്ന് അഭിഭാഷകരെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്‌തു. 1951ലെ യുഎൻ അഭയാർത്ഥി കൺവെൻഷൻ പാകിസ്ഥാൻ ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഗുരുതരമായ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന ആളുകളെ സംരക്ഷിക്കാൻ രാജ്യങ്ങൾക്ക് നിയമപരമായ ചുമതല നൽകുന്ന വകുപ്പാണ് ഇത്.

അറസ്‌റ്റിലായ 400ഓളം അഫ്‌ഗാനികൾക്ക് അവരുടെ പാസ്‌പോർട്ടുകളിലോ താമസരേഖാ കാർഡുകളിലോ സാധുവായ വിസ ഉണ്ടായിരുന്നു. എന്നാൽ ജയിലിൽ അടയ്ക്കുന്നതിന് മുമ്പ് ഇവ പോലീസ് കണ്ടുകെട്ടിയിരുന്നുവെന്ന് കറാച്ചി ആസ്ഥാനമായുള്ള മനുഷ്യാവകാശ അഭിഭാഷകയായ മോനിസ കാക്കർ പറഞ്ഞു.

അഫ്‌ഗാനികളെ നാടുകടത്തുന്നത് അഭയാർത്ഥികൾക്ക് ലഭിക്കുന്ന പരിരക്ഷയുടെ വ്യക്തമായ ലംഘനമാണെന്ന് ഇസ്ലാമാബാദ് ആസ്ഥാനമായുള്ള അഭിഭാഷകൻ ഉമർ ഇജാസ് ഗിലാനി പറഞ്ഞു. നാടുകടത്തുന്നത് തടയാൻ അധികാരികളോട് നിർദേശിക്കണമെന്ന് അദ്ദേഹം രാജ്യത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് അഭ്യർത്ഥിക്കുകയും ചെയ്‌തു.

എന്നാൽ, പാക് അധികാരികൾ തങ്ങളുടെ നടപടികളെ ന്യായീകരിക്കുകയാണ് ചെയ്‌തത്‌. അനധികൃത കുടിയേറ്റക്കാർക്കെതിരെ മാത്രമാണ് സർക്കാർ നടപടി സ്വീകരിക്കുന്നതെന്ന് സിന്ധ് മുഖ്യമന്ത്രിയുടെ ഉപദേശകനായ മുർതാസ വഹാബ് വ്യക്തമാക്കി.