സെഞ്ചുറിത്തിളക്കത്തിൽ കോലി; റെക്കോർഡ് നേട്ടത്തിൽ സച്ചിനൊപ്പം

0
62

സെഞ്ചുറി റെക്കോർഡിൽ വിരാട് കോലി സച്ചിൻ തെണ്ടുൽക്കറിനൊപ്പം. സ്വന്തം നാട്ടിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോർഡിലാണ് കോലി സച്ചിനുമായി ഒപ്പമെത്തിയത്. കോലിക്കും സച്ചിനും ഇപ്പോൾ 20 സെഞ്ചുറികൾ വീതമുണ്ട്. ഇന്ന് ശ്രീലങ്കക്കെതിരെ ഏകദിനത്തിൽ 45ആം സെഞ്ചുറിയും കരിയറിൽ 73ആം സെഞ്ചുറിയുമാണ് കോലി നേടിയത്. (virat kohli century sachin)

കസുൻ രാജിത എറിഞ്ഞ 47ആം ഓവറിലെ രണ്ടാം പന്തിലാണ് കോലി സെഞ്ചുറിയിലെത്തിയത്. ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറിയടിച്ച് 99ലെത്തിയ കോലി തൊട്ടടുത്ത പന്തിൽ ലോംഗ് ഓഫിലേക്ക് കളിച്ച് സിംഗിൾ ഓടിയെടുത്തു. 80 പന്തുകളിലാണ് കോലി സെഞ്ചുറി തികച്ചത്. 49ആം ഓവറിലെ മൂന്നാം ഓവറിൽ രാജിതയ്ക്ക് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ കോലി 87 പന്തുകളിൽ 12 ബൗണ്ടറിയും ഒരു സിക്സറും സഹിതം 113 റൺസ് നേടിയിരുന്നു.

ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 373 റൺസ് നേടി. 87 പന്തിൽ 113 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ (67 പന്തിൽ 83), ശുഭ്മൻ ഗിൽ (60 പന്തിൽ 70), കെഎൽ രാഹുൽ (29 പന്തിൽ 39) തുടങ്ങിയവരും ഇന്ത്യക്കായി തിളങ്ങി. ശ്രീലങ്കക്കായി കസുൻ രാജിത 3 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. അവിഷ്ക ഫെർണാണ്ടോ (5), കുശാൽ മെൻഡിസ് (0), ചരിത് അസലങ്ക (23) എന്നിവരാണ് പുറത്തായത്. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഉമ്രാൻ മാലിക്കിനാണ് മൂന്നാമത്തെ വിക്കറ്റ്. ഓപ്പണർ പാത്തും നിസങ്ക (54), ധനഞ്ജയ ഡിസിൽവ (31) എന്നിവർ ക്രീസിൽ തുടരുകയാണ്. ഇരുവരും ചേർന്ന് അപരാജിതമായ 53 റൺസാണ് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തിരിക്കുന്നത്.