രാജ്യത്ത് കൊറോണ വീണ്ടും പിടി മുറുക്കുന്നു, കഴിഞ്ഞ 24 മണിക്കൂറില്‍ 121 പുതിയ കേസുകൾ

0
139

രാജ്യത്ത് മെല്ലെ കൊറോണ കേസുകള്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 121 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

121 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ സജീവ കേസുകളുടെ എണ്ണം 2,319 ആയി. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതുക്കിയ കണക്കുകൾ പ്രകാരം, രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ചത് 4.46 കോടി ആളുകള്‍ക്കാണ്. കൂടാതെ ഈ മഹാമാരി മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 5,30,722 ആയി ഉയര്‍ന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി വാക്സിനേഷൻ കാമ്പെയ്‌നിന് കീഴിൽ, രാജ്യത്ത് ഇതുവരെ 220.14 കോടി ഡോസ് കോവിഡ് -19 വാക്‌സിൻ നൽകിയിട്ടുണ്ട്.

2020 ഡിസംബർ 19 ന് രാജ്യത്ത് കൊറോണ കേസുകൾ ഒരു കോടി കവിഞ്ഞിരുന്നു. കഴിഞ്ഞ വർഷം മെയ് 4 ന് രോഗബാധിതരുടെ എണ്ണം രണ്ട് കോടി കവിഞ്ഞപ്പോൾ 2021 ജൂൺ 23 ന് അത് മൂന്ന് കോടി കവിഞ്ഞു. ഈ വർഷം ജനുവരി 25 ന് കോവിഡ് ബാധിച്ചവരുടെ എണ്ണം നാല് കോടി കവിഞ്ഞിരുന്നു.

കൊറോണ വ്യാപനം തടയുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സമയോചിതമായ ഇടപെടലുകളാണ് നടത്തുന്നത്. കോവിഡ് വ്യാപനം തടയുന്നതിന് ഫലപ്രദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം മന്ത്രാലയം നല്‍കിയിട്ടുണ്ട്. ജാഗ്രത പാലിക്കാനും മാസ്ക് ധരിക്കാനും തിരക്കേറിയ പൊതു ഇടങ്ങള്‍ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

അതേസമയം, റിപ്പോര്‍ട്ട്‌ അനുസരിച്ച് ലോകത്ത് ഇപ്പോള്‍ കണ്ടു വരുന്ന കൊറോണ വകഭേദങ്ങളില്‍ ഒട്ടുമിക്കതും ഇതിനോടകം ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും കൊറോണ വൈറസിനെ ഭയപ്പെടുകയല്ല ജാഗ്രതയാണ് അനിവാര്യമെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.