കോഴിക്കോട് നടക്കാവില്‍ 19കാരനായ വിദ്യാര്‍ഥി ജീവനൊടുക്കി. ചെന്നൈ എസ്ആര്‍എം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദ് ആനിഖാണ് മരിച്ചത്. ഹാജര്‍ കുറവെന്ന് പറഞ്ഞ് കോളേജ് അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ. തിങ്കളാഴ്ച ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവം.
ഞായറാഴ്ച ഉച്ച കഴിഞ്ഞ് കോഴിക്കോട് നടക്കാവിലെ വീടിനുള്ളില്‍ ആനിഖ് തൂങ്ങിമരിക്കുകയായിരുന്നു. വീട്ടുകാര്‍ ഒരു വിവാഹ ചടങ്ങിന് പോയ സമയത്തായിരുന്നു സംഭവം. പിന്നാലെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ആനിഖിനെ ബന്ധുക്കള്‍ കോഴിക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരീക്ഷ എഴുതാനുളള തയ്യാറെടുപ്പിലായിരുന്നു ആനിഖ്. എന്നാല്‍ അവസാന നിമിഷമാണ് ഹാജരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പരീക്ഷ എഴുതാനാവില്ലെന്ന് അറിയിപ്പ് ലഭിച്ചത്. 67% ഹാജരാണ് ആനിഖിന് ഉണ്ടായിരുന്നത്. 80% ഹാജര്‍ ഉണ്ടെങ്കില്‍ മാത്രമെ പരീക്ഷ എഴുതാന്‍ അനുവദിക്കൂവെന്ന നിലപാടിലായിരുന്നു കോളേജ് അധികൃതര്‍. പരീക്ഷാഫീസ് വാങ്ങിയിട്ടും ആനിഖിനെ അധികൃതര്‍ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥി കടുത്ത മനോവിഷമത്തിലായിരുന്നു. നേരത്തെ കോളേജില്‍ ചേര്‍ന്നയുടന്‍ ചില ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആനിഖ് മെഡിക്കല്‍ ലീവിലായിരുന്നു. ഇക്കാര്യം കോളേജ് അധികൃതരെ അറിയിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ മാസം 20ന് ആനിഖ് നാട്ടിലെത്തിയിരുന്നു. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.