കെഎസ്ആർടിസിയിൽ പരസ്യം; ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി ഇന്ന് സുപ്രിം കോടതിയിൽ

0
82

കെഎസ്ആർടിസിയിൽ പരസ്യം പതിയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിയ്ക്കും. ബസുകളിലെ പരസ്യം സംബന്ധിച്ച പുതിയ സ്‌കീം കൈമാറാൻ കെഎസ്ആർടിസിയോട് സുപ്രിം കോടതി നിർദേശിച്ചിരുന്നു. സ്‌കീമിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിൽ നിന്ന് സംരക്ഷണം നൽകാം എന്ന് സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കെഎസ്ആർടിസി സമർപ്പിയ്ക്കുന്ന സ്കീം സുപ്രിം കോടതി ഇന്ന് വിലയിരുത്തും. തുടർന്നാകും തിരുമാനം. മുപ്പത്ത് വർഷത്തോളമായി ബസുകളിൽ ഇത്തരം പരസ്യങ്ങൾ പതിച്ച് വരികയാണെന്ന് കെ.എസ്.ആർ.ടി.സി കൊടതിയെ അറിയിച്ചിരുന്നു. ഒമ്പതിനായിരം കോടി രൂപയുടെ കടമുള്ള കെ.എസ്.ആർ.ടി.സി.ക്ക് ഈ പരസ്യവരുമാനം വലിയ ആശ്വാസമാണെന്നാണ് സർക്കാർ വാദം.

പരസ്യം പതിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും നിയന്ത്രണം കൊണ്ട് വരുകയാണെങ്കിൽ അത് സർക്കാരാണ് തയ്യാറേക്കേണ്ടത്. ഇക്കാര്യത്തിൽ കോടതിക്ക് സർക്കാരിന് നിർദേശം നൽകാവുന്നതേയുള്ളു എന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ കെ മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ചിന് മുന്നിൽ കെ.എസ്.ആർ.ടി.സി.യെ മുതിർന്ന അഭിഭാഷകൻ വി. ഗിരി, സ്റ്റാൻഡിങ് കൗൺസൽ ദീപക് പ്രകാശ് എന്നിവരാണ് പ്രതിനിധീകരിയ്ക്കുന്നത്.