ഇന്ത്യന്‍ എയര്‍ഫോഴ്സും (IAF) ജപ്പാന്‍ എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്സും (JASDF) ഉള്‍പ്പെടുന്ന സംയുക്ത വ്യോമാഭ്യാസം ‘വീര്‍ ഗാര്‍ഡിയന്‍ 2023’ സംഘടിപ്പിക്കാനൊരുങ്ങി ഇന്ത്യയും ജപ്പാനും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കാനാണ് അഭ്യാസം സംഘടിപ്പിക്കുന്നത്.
അഭ്യാസത്തില്‍ പങ്കെടുക്കാന്‍ വ്യോമസേനയുടെ ഒരു സംഘം ഞായറാഴ്ച ജപ്പാനിലേക്ക് പുറപ്പെടും. ഇന്ത്യയുടെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റ്, സ്‌ക്വാഡ്രണ്‍ ലീഡര്‍ അവ്‌നി ചതുര്‍വേദി, വ്യോമാഭ്യാസത്തില്‍ പങ്കെടുക്കും. രാജ്യത്തിന് പുറത്ത് നടക്കുന്ന ഒരു അന്താരാഷ്ട്ര യുദ്ധ പരിശീലനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ആദ്യത്തെ വനിതാ ഓഫീസറും കൂടിയാണ് അവ്‌നി ചതുര്‍വേദി.
ജനുവരി 12 മുതല്‍ 26 വരെ ജപ്പാനിലെ ഹ്യാകുരി എയര്‍ ബേസിലാണ് സംയുക്ത വ്യോമാഭ്യാസം നടക്കുന്നത്. ജപ്പാന്റെ എഫ്-2 എഫ് 5 യുദ്ധ വിമാനങ്ങളും ഇന്ത്യയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനങ്ങളും വ്യോമാഭ്യാസത്തില്‍ പങ്കെടുക്കും. അടിയന്തര ഘട്ടങ്ങളില്‍ എയര്‍ ലിഫ്റ്റിങ്ങിനും മറ്റുമായി ഇന്ത്യ ഉപയോഗിക്കുന്ന സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനങ്ങളും അഭ്യാസത്തില്‍ അണിനിരത്തും.
2022 സെപ്തംബര്‍ 8 ന് ടോക്കിയോയില്‍ നടന്ന രണ്ടാമത്തെ വിദേശ, പ്രതിരോധ മന്ത്രിതല യോഗത്തില്‍ ഉഭയകക്ഷി പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാനും കൂടുതല്‍ സൈനികാഭ്യാസങ്ങളില്‍ ഏര്‍പ്പെടാനും ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള വ്യോമ പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ജനുവരി 12 മുതല്‍ 26 വരെ ജപ്പാനിലെ ഹ്യാകുരി എയര്‍ ബേസില്‍ വ്യോമാഭ്യാസം സംഘടിപ്പിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളും പ്രതിരോധ സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പായിരിക്കുംവ്യോമാഭ്യാസം. ചൈനയില്‍ നിന്നുളള വെല്ലുവിളി മുന്നില്‍കണ്ട് പ്രതിരോധ ബജറ്റ് വിഹിതം അഞ്ച് വര്‍ഷത്തിനുളളില്‍ ഇരട്ടിയാക്കി സൈനിക ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ജപ്പാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സമുദ്രമേഖലയില്‍ ഉള്‍പ്പെടെ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ജപ്പാനും നേരത്തെ ധാരണയായിരുന്നു.
നാവിക സേനയുടെ ജിമെക്സ്, കരസേനയുടെ ധര്‍മ ഗാര്‍ഡിയന്‍ എന്നീ അഭ്യാസ പ്രകടനങ്ങള്‍ ഇരുരാജ്യങ്ങളും സംയുക്തമായി നേരത്തെ നടത്തിയിരുന്നു. എന്നാല്‍ വ്യോമമേഖലയില്‍ ഇരുവരും മാത്രമായി കൈകോര്‍ക്കുന്നത് ആദ്യമാണ്. ഇന്ത്യയും അമേരിക്കയും നടത്തുന്ന മലബാര്‍ നാവിക അഭ്യാസ പരിപാടിയില്‍ 2015 മുതല്‍ സ്ഥിരം പങ്കാളിയാണ് ജപ്പാന്‍.