Wednesday
17 December 2025
30.8 C
Kerala
HomeKeralaമലപ്പുറത്ത് ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ

മലപ്പുറത്ത് ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ

മലപ്പുറത്ത് ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. പൊൻവള സ്വദേശി മുഹമ്മദ് റാഷിദ് ഭാര്യ റംലത്ത് എന്നിവരെ തമിഴ്‌നാട് ഏർവാടിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. മങ്കട, വടക്കാങ്ങര സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഗോവയിലെ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾ കൊണ്ട് രണ്ടിരട്ടി ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വിഐപി ഇൻവെസ്റ്റ്‌മെന്റ് എന്ന വാട്ട്‌സ് ആപ്പ് കൂട്ടായ്മ വഴി പലപ്പോഴായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കേസിൽ റംലയുടെ സഹോദരൻ റാഷിദിനെ കഴിഞ്ഞ ദിവസം മങ്കട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് റാഷിദും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും യൂട്യൂബ് ട്രേഡിംഗ് വീഡിയോകൾ വഴി തങ്ങളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്കുകൾ പ്രചരിപ്പിച്ച് ഒട്ടേറെ ആളുകളെ കൂട്ടായ്മകൾ ചേർത്ത് പണം തട്ടിയെടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ആദ്യം കുറച്ച് പണം വിഹിതം എന്ന പേരിൽ അയച്ചുകൊടുത്ത വിശ്വാസം നേടും. പണം ലഭിച്ചില്ലെന്ന പരാതികൾ കൂടുന്നതോടെ പ്രതികൾ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആവുകയും പുതിയ നമ്പർ എടുത്ത് പുതിയ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി തട്ടിപ്പ് തുടരുകയും ചെയ്യും. റംലത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം സ്വീകരിച്ചിരുന്നത്.

നാട്ടിൽ നിന്ന് കടന്നുകളഞ്ഞ മുഹമ്മദ് റാഷിദും, റംലത്തും ഏർവാടിയിൽ പല സ്ഥലങ്ങളിലായി താമസിച്ചുവരികയായിരുന്നു. പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാർ, എസ്‌ഐ സികെ നൗഷാദ് എന്നിവരുടെ നിർദ്ദേശപ്രകാരം എഎസ്‌ഐ സലിം, സിപിഒ സുഹൈൽ, പെരിന്തൽമണ്ണ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

RELATED ARTICLES

Most Popular

Recent Comments