ഭക്ഷ്യവിഷബാധ മൂലമുണ്ടായ മരണം: കർശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷണർ

0
58

കാസർഗോഡ് ഭക്ഷ്യ വിഷബാധ മൂലമുണ്ടായ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷണർ വി ആർ വിനോദ്  പറഞ്ഞു. പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഫുഡ് സാമ്പിളുകൾ ശേഖരിക്കും. അന്വേഷണ റിപ്പോർട്ട് ഉച്ചയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹോട്ടൽ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് മുഴുവൻ പരിശോധനാ അധികാരമുള്ള സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ് രണ്ടുദിവസത്തിനകം രൂപീകരിക്കും. കാസർഗോഡ് മരണപ്പെട്ട കുട്ടി എവിടെ നിന്നാണ് ഭക്ഷണം കഴിച്ചത്, എന്നാണ് ഭക്ഷണം കഴിച്ചത്, ചികിത്സ തേടിയതിന്റെ വിവരങ്ങൾ തുടങ്ങിയവ ശേഖരിക്കാൻ നിർദ്ദേശം നൽകി. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെടുക്കും. ഭക്ഷണത്തിൽ മായം കലർത്തിയ ശേഷം സ്ഥാപനം പൂട്ടിയാൽ വീണ്ടും തുറക്കൽ എളുപ്പമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് ഭക്ഷ്യ വിഷബാധയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം സംഭവിച്ചുവെന്ന വാർത്ത പുറത്ത് വരുന്നത്. കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. കാസർഗോട്ടെ ഹോട്ടലിൽ നിന്ന് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി.

സംസ്ഥാനത്തെ നടുക്കി വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ച പശ്ചാത്തലത്തിൽ പ്രതികരണവുമായി ഡോ. സുൽഫി നൂഹ് രം​ഗത്തെത്തി. പാതി വെന്ത മാംസം കാരണം ഭക്ഷ്യവിഷബാധയുണ്ടാകാമെന്നും ഹോട്ടലിലെത്തുന്ന ഉപഭോക്താക്കൾ ധൃതി പിടിക്കാതെ ഭക്ഷണം മുഴുവൻ വേവാനുള്ള സമയം നൽകണമെന്നും ഡോ.സുൽഫി പറഞ്ഞു.

‘കേരളത്തിലുടനീളം ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താനുള്ള പരിശോധനകൾ നടക്കണം. പാതിവെന്ത ഭക്ഷണം കഴിക്കുമ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. ഷവർമ പോലുള്ള ഭക്ഷണങ്ങളുടെ പലപ്പോഴും പുറം ഭാഗം മാത്രമാണ് വേവുന്നത്. കോഴിയിറച്ചി കുറഞ്ഞത് 20-30 മിനിറ്റ് വരെ വേവണം. ഭക്ഷണം പാകം ചെയ്ത് കഴിക്കുമ്പോൾ ധൃതി പിടിക്കാതെ, വേകാനുള്ള സമയം നൽകണം.’- ഡോ. സുൽഫി നൂഹ് പറഞ്ഞു.