ജഡ്ജിമാരുടെ നിയമനം സമയബന്ധിതമായി നടപ്പാക്കുമെന്ന് സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍

0
67

ജഡ്ജിമാരുടെ നിയമനം സമയബന്ധിതമായി നടപ്പാക്കുമെന്ന് സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, ജഡ്ജിമാരുടെ നിയമനത്തിനുള്ള ശിപാര്‍ശകള്‍ അനിശ്ചിതമായി സര്‍ക്കാരിന് മുന്നില്‍ കെട്ടിക്കിടക്കുന്നതില്‍ സുപ്രിം കോടതി ആശങ്ക പ്രകടിപ്പിച്ചു. ജഡ്ജിമാരുടെ നിയമനങ്ങളില്‍ തീരുമാനം വൈകുന്നത് പുറത്ത് നിന്നുള്ള ഇടപെടലാണെന്ന സന്ദേശം നല്‍കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊളീജിയം നല്‍കുന്ന ശിപാര്‍ശകളില്‍ സര്‍ക്കാരിന് പരിമിത പങ്ക് മാത്രമേ വഹിക്കാനുള്ളൂ. ശിപാര്‍ശകള്‍ അനിശ്ചിതമായി കെട്ടിക്കിടക്കുന്നത് തെറ്റായ സന്ദേശം നല്‍കും. അത് കൊളീജിയത്തിന് സ്വീകാര്യവുമല്ലെന്നും ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൗള്‍ ചൂണ്ടിക്കാട്ടി.

വിവിധ ഹൈക്കോടതികളിലേക്ക് കൊളീജിയം ശിപാര്‍ശ ചെയ്ത 104 ജഡ്ജിമാരുടെ പേരുകളാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് മുന്നിലുള്ളത്. ഇതില്‍ 44 പേരുകളില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നാണ് അറ്റോര്‍ണി ജനറല്‍ എസ്. വെങ്കിട്ടരമണി ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന് മുന്നില്‍ വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ താന്‍ വ്യക്തിപരമായി ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

എന്നാല്‍, സുപ്രിം കോടതി കൊളീജിയം ശിപാര്‍ശ ചെയ്ത പത്ത് പേരുടെ കാര്യത്തില്‍ എന്ത് തീരുമാനമായെന്ന് കോടതി ചോദിച്ചു. അതില്‍ തന്നെ രണ്ട് ശിപാര്‍ശകള്‍ വളരെ പഴയതാണെന്നും കോടതി ചൂണ്ടിക്കാട്ടി. രാജസ്ഥാന്‍ ഹൈക്കോടതിയിലേക്കുള്ള ആ ശിപാര്‍ശകളിലും ഉടന്‍ തീരുമാനം എടുക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കി.

തൊട്ടുപിന്നാലെ സുപ്രിം കോടതിയിലേക്ക് കഴിഞ്ഞ ഡിസംബറില്‍ ശിപാര്‍ശ ചെയ്ത് അഞ്ച് ശിപാര്‍ശകളുടെ കാര്യം എന്തായെന്ന് കോടതി ചോദിച്ചു. അക്കാര്യത്തില്‍ ചില ഭിന്നാഭിപ്രായങ്ങളുണ്ടെന്നും അതിപ്പോള്‍ കോടതിയില്‍ ചര്‍ച്ച ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നുമായിരുന്നു അറ്റോര്‍ണി ജനറലിന്‍റെ മറുപടി. കോടതിക്കും വിയോജിപ്പുണ്ട്. പക്ഷേ, കൂടുതല്‍ സമയം എടുക്കരുതെന്നും ശിപാര്‍ശ ചെയ്തവരില്‍ ചിലര്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരാണെന്നും ബെഞ്ച് വ്യക്തമാക്കി. ജാര്‍ഖണ്ഡ്, ഗുവാഹത്തി, ജമ്മു കാഷ്മീര്‍, ലഡാക്ക് ഹൈക്കോടതികളിലേക്ക് കഴിഞ്ഞ ഡിസംബറില്‍ ശിപാര്‍ശ ചെയ്ത പേരുകളുടെ കാര്യവും കോടതി ആരാഞ്ഞു. ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന അറ്റോര്‍ണി ജനറലിന്‍റെ മറുപടിയും വിധിയില്‍ കൂട്ടിച്ചേര്‍ത്തു.

കൊളീജിയം രണ്ടാമതും അയക്കുന്ന ജഡ്ജി നിയമന ശിപാര്‍ശ കേന്ദ്രം മടക്കുന്നത് ഗുരുതര വിഷയമാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ വ്യക്തമാക്കി. കേന്ദ്രം മടക്കിയ ശിപാര്‍ശകളില്‍ എന്ത് തുടര്‍ നടപടി സ്വീകരിക്കണം എന്നതിനെ കുറിച്ച് സുപ്രിം കോടതി കൊളീജിയം ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അറിയിച്ചു.

കൊളീജിയം ശിപാര്‍ശ ചെയ്തതതില്‍ 22 പേരുകളാണ് ഇതുവരെ സര്‍ക്കാര്‍ മടക്കി അയച്ചത്. ഇതില്‍ ചില ശിപാര്‍ശകള്‍ കൊളീജിയം മൂന്നാം തവണയും ഉള്‍ക്കൊള്ളിച്ചതാണ്. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ അവ മടക്കി അയച്ചു. ഈ ശിപാര്‍ശകളുടെ ഭാവി ഇനി കൊളീജിയം നിശ്ചയിക്കുമെന്നും കോടതി വ്യക്തമാക്കി.

കൊളീജിയം ശിപാര്‍ശകള്‍ മടക്കി അയക്കുന്നത് സര്‍ക്കാര്‍ ഒരു പതിവാക്കി മാറ്റിയിരിക്കുകയാണെന്ന് മുതിര്‍ന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടി. അതൊരു ഗുരുതര ആരോപണമാണെന്ന് അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കിയപ്പോള്‍ കൊളീജിയം തീരുമാനിക്കട്ടെ എന്നായിരുന്നു ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ പറഞ്ഞത്.