മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് പലിശക്കുരുക്കില്‍ നിന്ന് കരകയറാന്‍ കഴിയാത്തതിനെ തുടര്‍ന്ന്

0
37

പലിശക്കുരുക്കില്‍ നിന്ന് കരകയറാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കഠിനംകുളത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്‍തതെന്ന് പൊലീസ്. മരിച്ച രമേശന്‍ പലരില്‍ നിന്നായി പലിശക്ക് പണം കടം വാങ്ങിയിരുന്നു. തുടര്‍ന്ന് ലക്ഷങ്ങളുടെ കടമായി. വീടും സ്ഥലവും വിറ്റ് കടം തീര്‍ക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ലോണെടുത്ത് കടം വീട്ടാനുള്ള ശ്രമവും പരാജയപ്പെട്ടു.

പലിശക്കാര്‍ വീടും സ്ഥലവും ഈട് കാണിച്ച് കേസിന് പോയി. ഇതിന് പിന്നാലെയായിരുന്നു ഇന്നലെ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ രമേശനും ഭാര്യയും മകളും ആത്മഹത്യ ചെയ്തത്. പടിഞ്ഞാറ്റ് മുക്ക് കാർത്തിക വീട്ടിൽ രമേശൻ (48), ഭാര്യ സുലജ കുമാരി (46), മകൾ രേഷ്മ (23) എന്നിവരാണ് പൊളളലേറ്റ് മരിച്ചത്.

കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. രാത്രി പന്ത്രണ്ട് മണിയോടെ ജനൽ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയൽവാസികൾ നോക്കിയപ്പോഴാണ് കിടപ്പ് മുറിക്കുള്ളിൽ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.

മുൻവാതിൽ തകർത്ത് സമീപവാസികൾ അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതിൽ തുറക്കാതിരിക്കാൻ അലമാരയും മറ്റും ചേർത്ത് വച്ചിരിക്കുകയായിരുന്നു. പുറത്തെ ജനലിലൂടെ അകത്തേക്ക്‌ വെള്ളമൊഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രമേശന്‍റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. സുലജയുടെയും രേഷ്മയുടെയും മൃതദേഹങ്ങൾ കട്ടിലിലാണ് കിടന്നിരുന്നത്. മകൻ തമിഴ്നാട്ടിൽ ചെണ്ടമേളത്തിന് പോയിരിക്കുകയായിരുന്നു.