പരാതിക്കാരന് നഷ്ടമായത് 59 ലക്ഷം രൂപ; കോടികളുടെ നിക്ഷേപ തട്ടിപ്പിൽ എനി ടൈം മണിയുടെ ഡയറക്ടർമാർ അറസ്റ്റിൽ

0
48

കണ്ണൂരിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ അർബൻ നിധിയുടെ സഹസ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടർമാരായ തൃശ്ശൂർ സ്വദേശി ഗഫൂർ, മലപ്പുറം സ്വദേശി ഷൗക്കത്തലി എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി സ്വദേശിയുടെ പരാതിയിലാണ് ഇവർക്കെതിരെ കേസ് എടുത്തതും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതും. 59 ലക്ഷം രൂപയാണ് പരാതിക്കാരന് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. പണം നഷ്ടപ്പെട്ട നൂറോളം പേരാണ് പരാതി നൽകിയത്.

തലശേരിയിലെ ഒരു ഡോക്ടർ 59 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നു കാട്ടിയാണ് പരാതി നൽകിയത്. അഞ്ച് വർഷത്തിൽ അധികമായി കണ്ണൂർ കേന്ദ്രീകരിച്ചാണ് ധനകാര്യ സ്ഥാപനം പ്രവർത്തിക്കുന്നത്. ഉയർന്ന പലിശ വാ​ഗ്ദാനം നൽകിയാണ് ഇവർ നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. രണ്ട് മാസം മുമ്പാണ് സ്ഥാപനത്തിന്റെ പ്രവർത്തനം ഭാ​ഗികമായി നിലച്ചത്. ഇപ്പോൾ സ്ഥാപനം പൂർണമായും പൂട്ടിയ അവസ്ഥയിലായതോടെയാണ് നിക്ഷേപകർ പരാതിയുമായെത്തിയത്.

ധനകാര്യ സ്ഥാപനത്തിന്റെ മാനേജർമാരെ വിളിക്കുമ്പോൾ അവധി പറയുകയായിരുന്നുവെന്ന് നിക്ഷേപകർ പറയുന്നു. പലരും 15 ലക്ഷവും 20 ലക്ഷവുമൊക്കെ നിക്ഷേപിച്ചിട്ടുണ്ട്. പെൻഷൻ ലഭിച്ച ക്യാഷ് ഉൾപ്പടെ ഇവിടെ നിക്ഷേപിച്ചവരുമുണ്ട്. പരാതി നൽകരുതെന്നും ചർച്ചയിലൂടെ പരഹരിക്കാമെന്നുമായിരുന്നു ബാങ്ക് അധികൃതർ ആദ്യം പറഞ്ഞിരുന്നതെന്ന് നിക്ഷേപകർ പറയുന്നു.