മലയാളി കൈയ്യടിച്ച് അംഗീകരിക്കണമെങ്കില്‍ കൊടുമുടി കയറിയവനാകണം. അഭിനയത്തിന്റെ ആ കൊടുമുടി കയറി സര്‍വജ്ഞപീഠത്തിനുടമയായ നടന വൈഭമാണ് ജഗതി ശ്രീകുമാറെന്ന ജഗതി (Jagathy Sreekumar). കേരളീയര്‍ കൈവെള്ളയില്‍ വച്ച് ആരാധിക്കുന്ന ഹാസ്യ സമ്രാട്ട് ഇന്ന് 72-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.
പ്രശസ്ത നാടകകൃത്തും എഴുത്തുകാരനുമായ പരേതനായ ജഗതി എന്‍.കെ. ആചാരിയുടെ മകനാണ് ജഗതി ശ്രീകുമാര്‍. 1951 ജനുവരി 5ന് തിരുവനന്തപുരത്താണ് ജഗതി ശ്രീകുമാര്‍ ജനിച്ചത്. മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ബോട്ടണിയില്‍ ബിരുദമെടുത്തു. തുടര്‍ന്ന് മദിരാശിയില്‍ മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്കുള്ള കാല്‍വെയ്പ്പ്.
ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജഗതി പിന്നീട് മലയാളിയുടെ മാനസിക സമ്മര്‍ദ്ദത്തിനുള്ള ഒറ്റമൂലിയും ദിവ്യ ഔഷധവുമായി മാറി. അനശ്വര നടന്‍ പ്രേം നസീറിന് ശേഷം ഏറ്റവും കൂടുതല്‍ മലയാള ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് ജഗതി. വെള്ളിത്തിരയില്‍ 1400ല്‍ അധികം കഥാപാത്രങ്ങളാണ് ജഗതിയിലൂടെ ജീവിച്ചത്.
ചിത്രം, മിന്നാരം, മീശ മാധവന്‍, യോദ്ധ, കിലുക്കം, മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്, അവിട്ടം തിരുനാള്‍ത്ത് അരോഗ്യ ശ്രീമാന്‍, കിലുകില്‍ പമ്പരം, ഒരു സിബിഐ ഡയറി കുറിപ്പ്, പട്ടാഭിഷേകം, മൂന്നാംപക്കം അങ്ങനെ നാലു പതിറ്റാണ്ടിലേറെ നീണ്ട അഭിനയ സപര്യയില്‍ ജഗതി ശ്രീകുമാര്‍ പകര്‍ന്നാടിയ വേഷങ്ങള്‍ ഏറെയാണ്.
ഏത് കഥാപാത്രമായാലും അത് തന്റെ കയ്യില്‍ ഭദ്രമാണെന്ന് മലയാള സിനിമയില്‍ മറ്റാരേക്കാളും നന്നായി തെളിയിച്ച നടനാണ് ജഗതി. പടം പൊട്ടിയാലും പൊട്ടിയില്ലെങ്കിലും ജഗതി കസറും എന്നത് തന്നെയാണ് ജഗതി ശ്രീകുമാര്‍ എന്ന അതുല്യ പ്രതിഭയെ വ്യത്യസ്തനാക്കുന്നത്.
എല്ലാക്കാലത്തും മലയാള സിനിമയുടെ ഒരു അവിഭാജ്യഘടകമാണ് ജഗതി ശ്രീകുമാര്‍. വലിപ്പ ചെറുപ്പമില്ലാതെ മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച വെറുമൊരു കൊമേഡിയന്‍ മാത്രമല്ല ജഗതി. പ്രേക്ഷകരുടെ ഹൃദയത്തില്‍ തറച്ച, അവരെ നൊമ്പരപ്പെടുത്തിയ, കരയിച്ച എത്രയോ കഥാപാത്രങ്ങള്‍ ജഗതി എന്ന അതുല്യ നടന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
മലയാളികള്‍ യേശുദാസിന്റെ പാട്ട് കേള്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടാകില്ലെന്ന പ്രയോഗം പോലെ തന്നെ ടിവിയില്‍ ജഗതി ശ്രീകുമാറിനെ കാണാത്ത ദിവസവും ഉണ്ടാകില്ലെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെയാണ് വേദിയിലില്ലാതിരുന്ന വര്‍ഷങ്ങളിലും മലയാളിയുടെ കൂടെപ്പിറപ്പായി മലയാള സിനിമയോടൊപ്പം ജഗതി വളര്‍ന്നുകൊണ്ടേയിരിക്കുന്നത്.
2012 മാര്‍ച്ച് പത്തിന് പുലര്‍ച്ചെ തേഞ്ഞിപ്പലത്തിനടുത്തുവെച്ചുണ്ടായ അപകടം ജഗതിയുടെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഇടവപ്പാതി’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുംവഴി അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അന്നുതൊട്ടിന്നോളം അതുല്യ നടന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള മടങ്ങിവരവിനുവേണ്ടിയുള്ള കാത്തിപ്പിലായിരുന്നു സിനിമാപ്രേമികള്‍. ആ കാത്തിരിപ്പ് അവസാനിച്ചത് കെ മധു സംവിധാനം ചെയ്ത സിബിഐ ഫൈവ് എന്ന ചിത്രത്തിലൂടെയാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിരവധി ഹാസ്യ നടന്മാര്‍ എത്തിയെങ്കിലും ജഗതി ശ്രീകുമാറിന്റെ കസേര മലയാള സിനിമയില്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജഗതി എന്ന അഭിനയ പ്രതിഭയ്ക്ക് പകരം വെക്കാന്‍ മറ്റൊരാള്‍ ഇല്ലെന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കാം. ദീര്‍ഘായുസ്സ് നേരാം.