നിയമസഭ സമ്മേളനത്തിന്റെ തീയതി നിശ്ചയിക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

0
132

നിയമസഭ സമ്മേളനത്തിന്റെ തീയതി നിശ്ചയിക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഓണ്‍ലൈനായി ആണ് യോഗം ചേരുക. ഗവര്‍ണറുമായുള്ള മഞ്ഞുരുകലിനു പിന്നാലെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഈ മാസം അവസാനം ചേരാന്‍ ധാരണയായത്. നേരത്തെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ കഴിഞ്ഞ സമ്മേളനത്തിന്റെ തുടര്‍ച്ചയായി സഭ ചേരാനായിരുന്നു നീക്കം.

കഴിഞ്ഞ കുറച്ച് നാളുകളായി തുടര്‍ന്നുവന്നിരുന്ന ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് അയവുവന്നെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.
സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തെ കുറിച്ച് രാജ്ഭവന്റെ തീരുമാനം വന്നതോടെയാണ് സര്‍ക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം അവസാനിച്ച കാര്യം ഗവര്‍ണറെ കഴിഞ്ഞ ദിവസം വരെ അറിയിച്ചിരുന്നില്ല. ഇതറിയിക്കാനുള്ള തീരുമാനമാണ് മന്ത്രിസഭാ യോഗം ഇന്നലെ എടുത്തത്.