വയനാട്ടിൽ കെഎസ്ആർടിസിയുടെ ‘ഗ്രാമവണ്ടി’ നാളെ മുതൽ ഓടി തുടങ്ങും

0
97

വയനാട്ടിലെ യാത്രാക്ലേശത്തിന് പരിഹാരം കാണാൻ കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി പദ്ധതി നാളെ മുതൽ ആരംഭിക്കും. കെഎസ്ആർടിസി തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഉള്‍പ്രദേശങ്ങളിലെ യാത്രാക്ലേശം തീര്‍ക്കാന്‍ ലക്ഷ്യമിടുന്നതാണ് ഗ്രാമവണ്ടികള്‍. നിലവിൽ മറ്റ് ബസുകൾ ഇല്ലാത്തതും, യാത്രാ ദുരിതം അനുഭവിക്കുന്നതുമായി റൂട്ടുകളിലാവും ഗ്രാമവണ്ടികൾ ഓടുക.

കേരളത്തിൽ ഏറ്റവും യാത്രാ ദുരിതം നേരിടുന്ന ജില്ലകളിൽ ഒന്നാണ് വയനാട്. ഗ്രാമവണ്ടി പദ്ധതിയുടെ ഭാഗമായുള്ള ജില്ലയിലെ ആദ്യ ബസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഓടിത്തുടങ്ങുന്നത്. ജില്ലാതല ഉദ്ഘാടനം ആറിന് രാവിലെ പത്തരക്ക് മന്ത്രി ആന്റണി രാജു മാനന്തവാടിയില്‍ നിര്‍വഹിക്കും.

ബസിന്റെ ഡീസല്‍ ചിലവ് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച് അവര്‍ നിശ്ചയിക്കുന്ന റൂട്ടുകളും സമയക്രമവും അനുസരിച്ച് സര്‍വീസ് നടത്തുകയെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. അതിനാൽ തന്നെ വയനാട് ജില്ലയിൽ വലിയ സാധ്യതയാണ് ഗ്രാമവണ്ടികള്‍ക്കുള്ളത് എന്നാണ് വിലയിരുത്തൽ.

മാനന്തവാടി ബ്ലോക് പഞ്ചായത്തിലുള്‍പ്പെട്ടതും നിലവില്‍ വാഹന സൗകര്യം കുറവുള്ളതുമായ റൂട്ടുകളായ നല്ലൂര്‍നാട് ജില്ല ക്യാന്‍സര്‍ സെന്റര്‍, കാരക്കുനി യൂണിവേഴ്‌സിറ്റി ക്യാമ്പസ്, ബിഎഡ് സെന്റര്‍ എന്നിവയ്ക്കാവും ആദ്യഘട്ടത്തിൽ മുന്‍ഗണന നല്‍കുക. രാവിലെ മാനന്തവാടിയില്‍ നിന്നും ആരംഭിച്ച് വൈകുന്നേരം മാനന്തവാടിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് ഗ്രാമവണ്ടിയുടെ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.