തൃക്കാക്കര ഓഹരി തട്ടിപ്പ് കേസിൽ ഇതുവരെ പുറത്തുവന്നത് 85 കോടിയുടെ തട്ടിപ്പെന്ന് കൊച്ചി ഡിസിപി

0
130

തൃക്കാക്കര ഓഹരി തട്ടിപ്പ് കേസിൽ ഇതുവരെ പുറത്തുവന്നത് 85 കോടിയുടെ തട്ടിപ്പെന്ന് കൊച്ചി ഡിസിപി എസ്.ശശിധരൻ. മാസ്റ്റേഴ്സ് ഓഹരി തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൾ തട്ടിയെടുത്ത പണം എവിടെയൊക്കെ നിക്ഷേപിച്ചു എന്ന് കണ്ടെത്താനായിട്ടില്ല. കോടിക്കണക്കിന് പണം പ്രതികൾ ധൂർത്തടിച്ചു. പ്രതി എബിൻ വർഗീസ് ഗോവയിൽ ചൂതാട്ടത്തിൽ കോടികൾ പൊടിച്ചുവെന്ന് പറഞ്ഞ ഡിസിപി കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും പറഞ്ഞു.

തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഫിൻകോർപ്പ്, മാസ്റ്റേഴ്സ് ഫിൻ സെർവ്, മാസ്റ്റേഴ്സ് ഫിൻ കെയർ തുടങ്ങിയ സ്ഥാപനങ്ങൾ വഴിയാണ് പ്രതികളായ എബിൻ വർഗീസും ഭാര്യ ശ്രീരഞ്ജിനിയും തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. സ്റ്റോക്ക് മാർക്കറ്റ് ഇടനിലക്കാരനായി രണ്ട് ലക്ഷം മുതൽ മൂന്ന് കോടി രൂപ വരെ നിക്ഷേപകരിൽ നിന്ന് പ്രതികൾ വാങ്ങിയിരുന്നു. 2014 ൽ തുടങ്ങിയ സ്ഥാപനം 2022 മാർച്ച് വരെ ഓഹരിയിൽ റിട്ടേണുകൾ നൽകിയിരുന്നു. നവംബർ അവസാനത്തോടെ നടത്തിപ്പുകാർ മുങ്ങിയതോടെയാണ് സംഭവം പുറത്തായത്.

ഇന്നലെയാണ് മാസ്റ്റേഴ്സ് ഗ്രൂപ്പ് നടത്തിപ്പുകാരനായ എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവർ ദില്ലിയില്‍ പിടിയിലായത്. കേസെടുത്തതോടെ ഇരുവരും രാജ്യം വിട്ടിരുന്നു. 30 കോടിയാണ് തട്ടിപ്പിന്റെ വ്യാപ്തിയെന്നായിരുന്നു ആദ്യം പുറത്തുവന്നത്. നവംബർ 29-നാണ് എബിനും ശ്രീരഞ്ജിനിയും രാജ്യം വിട്ടത്. ഇതോടെ കൂടുതൽ പരാതികൾ വന്നു. ഇതുവരെ 85 കോടിയുടെ തട്ടിപ്പാണ് മറ നീക്കി പുറത്ത് വന്നിരിക്കുന്നത്. എബിൻ വർഗീസിനും ഭാര്യ ശ്രീരഞ്ജിനിയെയും പ്രതികളാക്കിയാണ് ഇപ്പോൾ അന്വേഷണം. ഇവരുടെ ചില ജീവനക്കാർക്ക് എതിരെയും നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്.