എയര്‍ ഇന്ത്യ വിമാനത്തില്‍ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചത് വ്യവസായി; പ്രതിയെ ചോദ്യം ചെയ്യും

0
114

എയര്‍ ഇന്ത്യ വിമാനത്തില്‍ വയോധികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചത് മുംബൈയിലെ വ്യവസായി എന്ന് പൊലീസ്. പ്രതിയെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമം ചുമത്തി കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അതിക്രമം , പൊതു ഇടത്തില്‍ അപമര്യദയായി പെരുമാറല്‍, എയര്‍ ലൈന്‍ ചട്ടം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ 28നാണ് എയര്‍ഇന്ത്യ അധികൃതര്‍ ഈ സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിന് ശേഷം ഇതുവരെ പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്നതാണ് ഗൗരവതരം.

സംഭവത്തില്‍ എയര്‍ ഇന്ത്യ കമ്പനി ഡിജിസിഎയ്ക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എയര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാകും ഡിജിസിഎയുടെ തുടര്‍നടപടി ഉണ്ടാവുക. എയര്‍ ഇന്ത്യ യാത്രക്കാരന് 30 ദിവസത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരുടെ വീഴ്ച പരിശോധിക്കാന്‍ എയര്‍ ഇന്ത്യ നിയോഗിച്ച സമിതിയും ഉടന്‍ റിപ്പോര്‍ട്ട് നല്‍കും .ജീവനക്കാരുടെ ഭാഗത്തുണ്ടായ സമീപനത്തില്‍ വ്യാപക പ്രതിഷേധം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഉടന്‍ നടപടിയുണ്ടായില്ലെന്നാണ് വയോധിക ടാറ്റ ചെയര്‍മാന് നല്‍കിയ പരാതിയില്‍ പറയുന്നത്.