അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിന്റെ തുടർ ചലനങ്ങൾ ഉത്തരേന്ത്യയിലും. ജമ്മു-കശ്മീർ, ഡൽഹി-എൻസിആർ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്ത് ഭൂചലനം അനുഭവപ്പെടുന്നത്.
വ്യാഴാഴ്ച അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. വൈകിട്ട് 7.55ഓടെയാണ് ഈ പ്രദേശത്ത് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്‌മോളജി ട്വീറ്റ് ചെയ്തു. പിന്നാലെ ജമ്മു-കശ്മീർ, ഡൽഹി-എൻസിആർ മേഖലകളിലും തുടർചലനങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
നേരത്തെ ജനുവരി 1 ന് പുലർച്ചെ 1:19 ന് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്‌കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയിലെ ജജ്ജാറിലും ഭൂനിരപ്പിൽ നിന്ന് 5 കിലോമീറ്റർ ആഴത്തിലുമാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ ഭൂചലനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നോഡൽ ഏജൻസിയാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (NCS).