നയനസൂര്യയുടേത് കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി

0
54

ദുരൂഹത തുടരുന്നതിനിടെ യുവ സഹസംവിധായിക നയനസൂര്യയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി എംആര്‍ അജിത് കുമാര്‍. നയന സ്വയം മുറിവേല്‍പ്പിച്ചതാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ എഡിജിപി കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കേസിന്റെ തുടക്കത്തില്‍ ഗുരുതരവീഴ്ചകളുണ്ടായെന്നും മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

നയനയുടെ കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളും തുടര്‍ന്നുണ്ടായ ശ്വാസംമുട്ടലില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതവുമാണ് മരണം കൊലപാതകമാണെന്ന് സംശയമുയര്‍ത്തുന്നത്. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ.ശശികലയും ഫോറന്‍സിക് വിദഗ്ധരും മുറിയിലെത്തി പരിശോധനകള്‍ നടത്തിയെങ്കിലും സംശയിക്കത്തക്ക തെളിവുകളോ അപരിചിതരുടേതുള്‍പ്പെടെ മറ്റാരുടെയെങ്കിലും സാന്നിദ്ധ്യമോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

മുറി പൂട്ടിയിരുന്നു, ആരും വന്നിട്ടുമില്ല: ആ അടയാളങ്ങൾ…

മത്സ്യബന്ധന തൊഴിലാളിയായ കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ ദിനേശൻ – ഷീല ദമ്പതികളുടെ മകൾ നയനസൂര്യയെ 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നേരത്തെ പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയ നയന പത്തുവർഷത്തോളം സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ സഹസംവിധായികയായി പ്രവർത്തിച്ചു വരികയായിരുന്നു. ലെനിൻ രാജേന്ദ്രൻ്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയന മരണപ്പെട്ടത്. നയനയെ ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനാൽ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് മുറിക്കുള്ളിൽചലനമറ്റനിലയിൽ നയനയെ കണ്ടെത്തിയത്. നയന കിടന്ന മുറി അകത്ത് നിന്ന് പൂട്ടിയിരുന്നു. കെട്ടിട ഉടമയുടെ സഹായത്തോടെ മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറന്നാണ് നയനയെ ആശുപത്രിയിലേക്ക് മാറ്റിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് നയനയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയത്. ഇതിലാണ് കഴുത്തിൽ ഞെരിച്ചതുപോലുള്ള അടയാളങ്ങൾ കണ്ടെത്തിയത്. ലെനിൻ രാജേന്ദ്രൻ്റെ മരണം നയനയെ മാനസികമായി പിടിച്ചുലച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞിരുന്നു. അതിനുശേഷം നയന വിഷാദ രോഗത്തിൻ്റെ പിടിയിലായിരുന്നു. മാത്രമല്ല പ്രമേഹരോഗി കൂടിയായിരുന്നു നയന. നിരവധി തവണ ഷുഗർ താഴ്ന്ന് പലതവണ മുറിക്കുള്ളിൽ കുഴഞ്ഞുവീണിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യചെയ്തതാണെന്ന നിലപാടിൽ അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ച സാഹചര്യത്തിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ മാധ്യമങ്ങൾ വഴി ജനങ്ങളിലേക്ക് എത്തുന്നതും ചർച്ചയാകുന്നതും.

അഞ്ച് സി.ഐമാർ പലഘട്ടങ്ങളിലായി കേസ് അന്വേഷിച്ചിരുന്നുവെന്ന് മ്യൂസിയം സിഐ മഞ്ജുലാൽ വ്യക്തമാക്കി. അസ്വാഭാവികമായി യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ബന്ധുക്കളോ സുഹൃത്തുക്കളോ സംശയമുന്നയിച്ച് പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാസപരിശോധനാ ഫലത്തിൽ സംശയാസ്പദമായി ഒന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം പൊലീസ് അന്വേഷണത്തിൽ കുടുംബത്തിന് നീതികിട്ടിയില്ലെന്ന് നയനയുടെ സഹോദരൻ മധു പറഞ്ഞു. മരണത്തിൽ സംശയമില്ലെന്ന് പൊലീസ് കുടുംബാംഗങ്ങളിൽ നിന്ന് എഴുതിവാങ്ങുകയായിരുന്നുവെന്നും മധു ആരോപിച്ചു. ഇപ്പോൾ കൊലപാതകമെന്ന് സംശയിക്കുന്നതിനാൽ പലരെയും സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസിൻ്റെ സമഗ്രാന്വേഷണത്തിലൂടെ സത്യം പുറത്ത് വരുമെന്നും സഹോദരൻ പ്രത്യാശ പ്രകടിപ്പിച്ചു.