മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ ഉടൻ തിയേറ്ററുകളിലേക്ക്

0
90

സിനിമാസ്വാദകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തും.

വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും തിയേറ്ററില്‍ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ്.

മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ രമ്യാ പാണ്ട്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയ താരങ്ങള്‍ എത്തുന്നു. തമിഴ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം പഴനി, കന്യാകുമാരി എന്നിവടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ചിത്രം ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ല് എന്നും ലിജോയുടെ മികച്ച മറ്റൊരു സിനിമയെന്നും പ്രേക്ഷര്‍ ഒന്നടങ്കം പറയുന്നു. കൈയടിയോടെയാണ് സിനിമാ പ്രേമികള്‍ ചിത്രത്തെ വരവേറ്റത്.

റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് പോലും സിനിമ കാണാന്‍ സാധിക്കാത്ത രീതിയിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. ഇതോടെ പ്രദര്‍ശന വേദിയായ ടാഗോര്‍ തിയേറ്ററില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്ത്യയിലെ ചിത്രത്തിന്റെ ആദ്യ ഷോയാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ നിറഞ്ഞ സദസ്സില്‍ നടന്നത്.

തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിങ് ദീപു എസ്സ് ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്. ഹരീഷാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.