ഇലന്തൂര്‍ ഇരട്ടനരബലിക്കേസിലെ മൂന്നാം പ്രതിയായ ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീയെന്ന പരിഗണനയില്‍ ജാമ്യം നല്‍കണമെന്നായിരുന്നു ലൈലയുടെ ആവശ്യം. കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ലൈല ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
നേരത്തെ എറണാകുളം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയും ലൈലയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. താന്‍ കേസിലെ പ്രധാന പ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാന്‍ മാത്രമാണ് കൂട്ടുനിന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.
സാമ്പത്തിക അഭിവൃന്ദിക്കായി രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചു മൂടിയ കേസില്‍ ഒക്ടോബര്‍ 11ന് ആണ് സൂത്രധാരനായ ഷാഫിയെയും ദമ്പതികളായ ഭഗവല്‍ സിങ്ങിനെയും ലൈലയേയും അറസ്റ്റ് ചെയ്തത്. ജൂണിലും സെപ്തംബറിലുമായിട്ടാണ് രണ്ട് കൊലപാതകങ്ങൾ നടന്നത്. എറണാകുളം സ്വദേശികളായിരുന്നു നരബലിക്ക് ഇരയായ പദ്മം, റോസിലി എന്നീ സ്ത്രീകള്‍. ഇതിൽ പദ്മത്തിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന കേസാണ് സംസ്ഥാനത്തെ നടുക്കിയ നരബലി സംഭവത്തിലേക്ക് വിരൽ ചൂണ്ടിയത്. അന്വേഷണം ചെന്നു നിന്നത് ഷാഫിയിലാണ്. ഇരുസ്ത്രീകളുമായി ബന്ധപ്പെട്ട് അവരെ നരബലിക്കായി ദമ്പതിമാരുടെ അടുത്ത് എത്തിച്ചത് ഷാഫി തന്നെയായിരുന്നു. ലോട്ടറി വിൽപ്പനക്കാരിയായ പത്മത്തെ സെപ്തംബർ 27നാണ് കാണാതായത്.
കേസില്‍ അന്വേഷണ സംഘം വളരെ കരുതലോടെയാണ് മുന്നോട്ടു പോകുന്നത്. ഒരു തെളിവും വിട്ടുകളയരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെ തന്നെയാണ് നീക്കങ്ങള്‍. കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുന്ന പ്രധാന സംഗതി കൊലപാതകങ്ങൾക്ക് ദൃക്സാക്ഷികളില്ല എന്നുള്ളതാണ്. കാെലപാതകങ്ങൾ നടന്നപ്പോൾ മുന്ന് പ്രതികൾ മാത്രമായിരുന്നു സാക്ഷികളായത്. അതുകൊണ്ടുതന്നെ ദൃക്‌സാക്ഷികളില്ലാത്ത കേസായതിനാല്‍ ശാസ്‌ത്രിയ തെളിവുകളെ പരമാവധി ആശ്രയിക്കാനാണു പൊലീസ് ശ്രമിക്കുന്നതും. ഇരകളെ കൊലപ്പെടുത്തിയതിനും, കൊലപ്പെടുത്താനായി അവരെ ഇലന്തൂരിലെ വീട്ടിലെത്തിച്ചതിനും ദൃക്‌സാക്ഷികളില്ല. നിലവിൽ അന്വേഷണ സംഘത്തിൻ്റെ കെെവശമുള്ളത് പ്രതികളുടെ കുറ്റസമ്മതമൊഴിയും ഡിഎന്‍എ- ഫിംഗര്‍പ്രിൻ്റ് ഫലവുമാണ്.
അതേസമയം കൊല്ലപ്പെട്ട റോസിലിയും പദ്‌മയുമായി ഷാഫിക്കു സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ളതായുള്ള തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒന്നാം പ്രതി ഷാഫിയുടെയും ഇരകളുടെയും വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. പ്രതികളുടെ ഫേസ്ബുക്ക് മെസഞ്ചര്‍, വാട്ട്‌സ്‌ആപ്പ് തെളിവുകളെല്ലാം ശേഖരിച്ചുകഴിഞ്ഞതും അന്വേഷണ സംഘത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്.