‘അഞ്ജലി കാറിനടിയിൽ കുടുങ്ങിയെന്നറിഞ്ഞിട്ടും യുവാക്കൾ വാഹനം നിർത്തിയില്ല’, സുഹൃത്തിന്റെ വെളിപ്പെടുത്തൽ

0
71

ദില്ലിയിൽ പുതുവത്സര ദിനത്തിൽ യുവതി കാറിനടിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങിയില്ല. അഞ്ജലി സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിധി നടത്തിയത്. അഞ്ജലി കാറിന് അടിയിൽ കുടുങ്ങി എന്നറിഞ്ഞിട്ടും യുവാക്കൾ വാഹനം മുന്നോട്ടെടുക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി. കാറിന് അടിയിൽ അഞ്ജലികുടുങ്ങിയെന്ന് കാറിലുണ്ടായിരുന്നവർക്ക് അറിയാമായിരുന്നു. അവൾ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു. എന്നാൽ കാറിലുണ്ടായിരുന്നവർ അതറിഞ്ഞിട്ടും വാഹനം നിർത്തിയില്ല. താൻ അതുകണ്ട് പേടിച്ചാണ് സ്ഥലത്തു നിന്നും പോയതെന്നും നിധി മൊഴി നൽകി. അഞ്ജലി മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും സ്കൂട്ടറിൽ പോകാൻ നിർബന്ധിച്ചുവെന്നും നിധിയുടെ മൊഴിയിലുണ്ട്.

പുതുവത്സര ആഘോഷങ്ങൾക്കായി കഞ്ചാവാലയിലെ ഹോട്ടലിലെത്തിയ അഞ്ജലിയും സുഹൃത്ത് നിധിയും അവിടവെച്ച് വഴക്കിട്ടെന്നും, ശേഷം ഒരുമിച്ചാണ് സ്കൂട്ടറിൽ അപകടം നടന്നയിടത്തേക്ക് പോയതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിധിയെയും ഹോട്ടലിൽ ആഘോഷങ്ങളിൽ പങ്കെടുത്ത ചില യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

പുതുവത്സര ദിവസത്തിലുണ്ടായ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് ദില്ലി. കേസിൽ സിബിഐ അന്വേഷണം വേണമെന്നും അറസ്റ്റിലായ അഞ്ച് പ്രതികളെയും തൂക്കി കൊല്ലണമെന്നും കൊല്ലപ്പെട്ട അഞ്ജലിയുടെ അമ്മ ആവശ്യപ്പെട്ടു. സംസ്കാര ചടങ്ങുകൾ നടന്നു എന്നതുകൊണ്ട് ആരും മിണ്ടാതിരിക്കില്ലെന്നും യുവതിയുടെ അമ്മ വ്യക്തമാക്കി.

അതേ സമയം, കൊല്ലപ്പെട്ട പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന സാധ്യത തള്ളുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കിലോമീറ്ററുകൾ വലിച്ചിഴക്കപ്പെട്ടതിനെ തുടർന്ന് തല കഴുത്ത് നട്ടെല്ല് കൈകാലുകൾ എന്നിവയ്ക്കുണ്ടായ ആഴത്തിലുള്ള മുറിവും രക്തസ്രാവവുമാണ് അഞ്ജലി സിംഗിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വകാര്യ ഭാഗങ്ങളില്‍ പരിക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.