സഹയാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച യാത്രക്കാരന് 30 ദിവസത്തെ നിരോധനമേർപ്പെടുത്തിയ എയർ ഇന്ത്യ

0
91

സഹയാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച യാത്രക്കാരന് 30 ദിവസത്തെ നിരോധനമേർപ്പെടുത്തിയ എയർ ഇന്ത്യ. ഈ വ്യക്തിക്കെതിരെ കേസ് നൽകുകയും ഈ വ്യക്തിയെ നോ-ഫ്ളൈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

നവംബർ 26 നാണ് കേസിനാസ്പദമായ സംഭവം. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന 70 കാരിയായ വയോധികയ്ക്കാണ് ദുരനുഭവമുണ്ടായത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ തയാറെടുക്കുകയായിരുന്ന യാത്രക്കാരി അടുത്തേക്ക് മറ്റൊരു യാത്രക്കാരൻ നടന്ന് വരികയും, ഇയാൾ പാന്റിന്റെ സിപ്പ് അഴിച്ച് സീറ്റിലിരുന്ന് വയോധികയുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയും വ്സ്ത്രം തിരികെ ധരിക്കാൻ വിസമ്മതിക്കുകയുമായിരുന്നു.

തുടർന്ന് യാത്രക്കാരി ഫ്ളൈറ്റ് അധികൃതരോട് പരാതിപ്പെട്ടുവെങ്കിലും യാതൊരുവിധ നടപടിയും അധികൃതർ കൈകൊണ്ടില്ല. മറ്റ് സീറ്റുകളൊന്നും ഒഴിവില്ലെന്ന് പറഞ്ഞ് തിരികെ സ്വന്തം സീറ്റിലേക്ക് പോയിരിക്കാൻ യാത്രക്കാരി നിർബന്ധിതയയാവുകയായിരുന്നു. മൂത്രത്താൽ കുതിർന്നിരുന്ന സീറ്റിൽ ഷീറ്റുകളിട്ടാണ് വയോധികയെ ഇരുത്താൻ അധികൃതർ ശ്രമിച്ചത്. എന്നാൽ അതേ സീറ്റിൽ ഇരിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന യാത്രക്കാരിക്ക് അധികൃതർ മറ്റൊരു സീറ്റ് നൽകി.

വിമാനത്തിലെ ക്രൂവിന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തെ തുടർന്ന് യാത്രക്കാരി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻസിന് പരാതി നൽകുകയായിരുന്നു. തുടർന്നാണ് എയർ ഇന്ത്യ നടപടി സ്വീകരിക്കാൻ നിർബന്ധിതരായതെന്നാണ് റിപ്പോർട്ട്.