അല്‍ഫാം കഴിച്ചതിന് പിന്നാലെ ഛര്‍ദിയും വയറിളക്കവും; കോട്ടയത്ത് മരിച്ച യുവതിയുടെ വൃക്കയിലും കരളിലും അണുബാധ

0
125

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സിങ് ഓഫീസര്‍ രശ്മി രാജനിലുണ്ടായത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍. കഴിഞ്ഞ 29-ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം കഴിച്ചതിന് പിന്നലെയാണ് രശ്മിയ്ക്ക് അസ്വസ്ഥതകൾ ഉണ്ടായത്.

മെഡിക്കല്‍ കോളേജ് നഴ്‌സിങ് ഹോസ്റ്റലിലേക്ക് വരുത്തിയാണ് ഭക്ഷണം കഴിച്ചത്. സഹോദരന്‍ വിഷ്ണുരാജിനും ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മറ്റ് 26 പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. രശ്മിയ്ക്ക് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛർദിയും വയറിളക്കവും ഉണ്ടായി. തുടര്‍ന്ന് സഹപ്രവർത്തകർ ചേർന്ന് കോട്ടയം മെഡിക്കൽ‌ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രോഗാവസ്ഥ ഗുരുതരമാകുകയും അണുബാധ, വൃക്കയും കരളുമടക്കമുള്ള അവയവങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല്‍, തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മരിച്ചു. ഇതിനിടെ ഡയാലിസിസിന് വിധേയമാക്കുകയും ചെയ്തിരുന്നെങ്കിലും ഫലമുണ്ടായില്ല.

മലപ്പുറം കുഴിമന്തി റസ്റ്റോറന്റിൽ നിന്ന് ബക്ഷണം കഴിച്ച ഇരുപതിലധികം ആളുകൾക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തിൽ നഗരസഭാ അധികൃതർ ഹോട്ടലിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്യുകയും കട പൂട്ടിക്കുകയും ചെയ്തിരുന്നു.