മാളികപ്പുറത്തുണ്ടായത് പൊട്ടിത്തെറിയല്ലെന്ന് കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്

0
77

ശബരിമല മാളികപ്പുറത്ത് കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായത് പൊട്ടിത്തെറിയില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍. തീപിടിത്തമാണ് ഉണ്ടായതെന്നാണ് ജില്ലാ കളക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനം അടക്കം സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചു. രണ്ട് ദിവസത്തിനകം വീണ്ടും വിശദമായ പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

കതിന നിറയ്ക്കുന്നിടത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഇതില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സമയത്ത് ജീവനക്കാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. മൂവരെയും ആദ്യം സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം പമ്പ ആശുപത്രിയിലേക്ക് മാറ്റി.

തുടര്‍ന്ന് പരിക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ് ഇവര്‍ ചികിത്സയിലിരിക്കുന്നത്. ഇതില്‍ 70% പൊള്ളലേറ്റ ജയകുമാറെന്നയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.