ഡല്‍ഹിയില്‍ കാര്‍ ഇടിച്ച്, കിലോമീറ്ററുകളോളം വലിച്ചിഴച്ചു യുവതി മരിച്ച കേസില്‍ അഞ്ച് പ്രതികളുടെയും രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പ്രതികള്‍ മദ്യലഹരിയിലായിരുന്നോ എന്നറിയാനാണ് രക്തസാമ്പിളുകള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി വിഭാഗത്തിലേക്ക് പശിശോനയ്ക്ക് അയച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് ഉടന്‍ വരുമെന്നാണ് സൂചന. സംഭവം നടക്കുമ്പോള്‍ അഞ്ച് പ്രതികളിലെ ദീപക്കും അമിതും മദ്യപിച്ചിരുന്നതായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് പേരുടെയും രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ദീപക് ഖന്ന (26), അമിത് ഖന്ന (25), കൃഷന്‍ (27), മിഥുന്‍ (26), മനോജ് മിത്തല്‍ (27) എന്നിവരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.
തിങ്കളാഴ്ച ഡല്‍ഹി കോടതി അഞ്ച് പ്രതികളെയും മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കേസിന്റെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സീനിയര്‍ ഓഫീസര്‍ ശാലിനി സിങ്ങിനോട് ഉടന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ഉചിതമായ നടപടി സ്വീകരിക്കാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
സംഭവിച്ചത്
ഡല്‍ഹിയെ നടുക്കി പുതുവത്സര ദിനത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. യുവതിയെ കാറില്‍ കിലോമീറ്ററുകള്‍ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങവേയാണ് ഇരുപതുകാരി ദാരുണമായി കൊല്ലപ്പെട്ടത്. അഞ്ച് യുവാക്കളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
രാവിലെ നാല് മണിയോടെയാണ് ഡല്‍ഹി സുല്‍ത്താന്‍ പുരിയില്‍ യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ യുവാക്കളുടെ കാറുമായി കൂട്ടിയിടിക്കുന്നത്. അപകടത്തില്‍ തെറിച്ചുവീണ യുവതിയുടെ വസ്ത്രങ്ങള്‍ കാറിനടിയില്‍ കുടുങ്ങി. മദ്യലഹരിയിലായിരുന്ന കാറിലെ അഞ്ച് യുവാക്കളും നാല് കിലോമീറ്ററോളം യുവതിയെ വലിച്ചിഴച്ചു. കഞ്ച്ഹവാലിയിലാണ് വസ്ത്രങ്ങളില്ലാതെ ദേഹമാസകലം ഗുരുതര പരിക്കുകളോടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ പല ഭാഗങ്ങളും വികൃതമായിരുന്നു.
കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പലയിടത്തും അന്വേഷണം ഇപ്പോഴും തുടരുകയാണ്. വിഷയത്തിന്റെ ആഴം മനസ്സിലാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ഇക്കാര്യത്തില്‍ സജീവമായിരിക്കുകയാണ്. പോലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് പറയുന്നത്
ഡല്‍ഹി പോലീസ് തിങ്കളാഴ്ച വാര്‍ത്താസമ്മേളനം നടത്തി പ്രസ്താവന ഇറക്കി. അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു. ഇതില്‍ ദീപക് ഖന്നയാണ് കാര്‍ ഓടിച്ചിരുന്നത്. ഇതിന് പുറമെ അമിത് ഖന്ന, കൃഷ്ണ, മനോജ്, മിഥുന്‍ എന്നിവരും കാറില്‍ ഇരുന്നു. സിസിടിവി ദൃശ്യങ്ങളുടേയും ഡിജിറ്റല്‍ തെളിവുകളുടെയും ഒരു ടൈംലൈന്‍ പോലീസ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ എവിടെ നിന്നാണ് വന്നതെന്നും എവിടേക്കാണ് പോകുന്നതെന്നും കണ്ടെത്താനാകും. 10 മുതല്‍ 12 കിലോമീറ്റര്‍ വരെ പെണ്‍കുട്ടിയുടെ ശരീരം വലിച്ചിഴക്കപ്പെട്ടതായി പോലീസ് പറയുന്നു. തിരിയുന്നതിനിടെ എവിടേയോ മൃതദേഹം റോഡില്‍ വീണു.
മൃതദേഹം കണ്ട നാട്ടുകാരിലൊരാള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ അറസ്റ്റിലായത്. യുവതിയുടെ വസ്ത്രങ്ങള്‍ കാറിനടിയില്‍ കുടുങ്ങിയത് അറിഞ്ഞില്ലെന്നാണ് യുവാക്കളുടെ വാദം. എന്നാല്‍ അഞ്ച് പേരും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.
പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. സുല്‍ത്താന്‍ പുരി പോലീസ് സ്റ്റേഷനു മുന്നിലാണ് സ്ത്രീകള്‍ അടക്കം പ്രതിഷേധിച്ചത്. പ്രതിഷേധകര്‍ പോലീസ് വാഹനം തടഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. ലഫ്റ്റ്‌നന്റ് ഗവര്‍ണറുമായി കെജ്രിവാള്‍ സംസാരിച്ചു. പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടെങ്കിലും ദയ കാട്ടരുതെന്ന് ആവശ്യപ്പെട്ടുവെന്നും ഗവര്‍ണര്‍ നടപടി ഉറപ്പ് നല്‍കി എന്നും കെജ്രിവാള്‍ പറഞ്ഞു. നിലവില്‍ ബിജെപിയുടെ ഏഴ് എംപിമാരെയും കാണാനില്ലെന്ന് എഎപി നേതാവ് സൗരവ് ഭരദ്വാജ് ട്വീറ്റ് ചെയ്തു.