സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് മുതല്‍ ബയോമെട്രിക് പഞ്ചിംഗ് കര്‍ശനം

0
97

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് മുതല്‍ ബയോമെട്രിക് പഞ്ചിംഗ് നടപ്പാകും. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. പല സര്‍ക്കാര്‍ ഓഫീസുകളില്‍ നേരത്തേ പഞ്ചിംഗ് സംവിധാനം നടപ്പിലാക്കിയിരുന്നെങ്കിലും കാര്യക്ഷമമായി ഇത് നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി വി പി ജോയി ഇത് സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം വകുപ്പുകള്‍ക്ക് നല്‍കിയത്. ജനുവരി ഒന്നിന് മുമ്പ് കലക്ടറേറ്റുകള്‍, ഡയറക്ടറേറ്റുകള്‍, വകുപ്പ് മേധാവികളുടെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കി ഹാജര്‍നില ശമ്പള സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി രണ്ടാഴ്ച മുമ്പ് ഉത്തരവിറക്കിയിരുന്നു. ഒന്നാം തീയതി ഞായറാഴ്ചയും ഇന്ന് പൊതു അവധിയുമായതിനാല്‍ പുതുവര്‍ഷത്തിലെ ആദ്യ പ്രവൃത്തി ദിനമായ ഇന്ന് മുതലാണ് ഓഫീസുകളില്‍ സംവിധാനം നടപ്പിലാവുക സര്‍ക്കാര്‍ ഓഫീസുകള്‍ കൂടാതെ അര്‍ദ്ധ സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും സംവിധാനം നടപ്പാകും. ഇവിടങ്ങളില്‍ ഈ വര്‍ഷം മാര്‍ച്ച് 31 ന് മുമ്പ് ഈ സംവിധാനം നിലവില്‍ വരും.

നേരത്തേ സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിങ് സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ പലതവണ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പ് കാരണം അത് നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ജോലിസമയത്ത് ജീവനക്കാര്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള നടപടി പലതവണ നടപ്പാക്കാന്‍ നിര്‍ദേശിച്ചെങ്കിലും നടപടിക്കെതിരെ ജീവനക്കാരുടെ സംഘടനകള്‍ സംഘടിതമായാണ് പ്രതികരിച്ചിരുന്നത്. നിലവില്‍ കേരള സര്‍ക്കാര്‍ സെക്രട്ടേറിയറ്റില്‍ മാത്രമാണ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്.പഞ്ചിംഗ് സംവിധാനത്തിന്റെ ശരിയായ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഓരോ വകുപ്പും അഡീഷണല്‍ സെക്രട്ടറിയെയോ ജോയിന്റ് സെക്രട്ടറിയെയോ ചുമതലപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു.

ജീവനക്കാരുടെയും സന്ദര്‍ശകരുടെയും നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റില്‍ ഈയാഴ്ച മുതല്‍ പ്രവേശന നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തും. എന്‍ട്രി പോയിന്റുകളില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ മാത്രമേ ഒരാള്‍ക്ക് കെട്ടിടത്തില്‍ പ്രവേശിക്കാനോ പുറത്തുപോകാനോ കഴിയൂ. ജോലി സമയത്ത് ഓഫീസ് വിട്ടാല്‍ ജീവനക്കാര്‍ക്ക് ശമ്പളം നഷ്ടപ്പെടും. ബീമാപള്ളി ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ അവധിയായതിനാല്‍ ജനുവരി 4 മുതല്‍ മാത്രമേ ഈ മേഖലയിലെ ഓഫീസുകളില്‍ ബയോമെട്രിക് സംവിധാനം ആരംഭിക്കൂ.ആദ്യഘട്ടത്തില്‍ സ്‌കൂള്‍, കോളജുകള്‍, പോലീസ് സ്റ്റേഷനുകള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ബയോമെട്രിക് പഞ്ചിങ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കാനും ജോലി സമയത്ത് ജീവനക്കാര്‍ ഓഫീസില്‍ ഉണ്ടെന്ന് ഉറപ്പാക്കാനുമാണ് ബയോമെട്രിക് സംവിധാനം സര്‍ക്കാര്‍ നടപ്പാക്കുന്നത്.