തൃശൂർ റോഡിൽ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വൻ കവർച്ച. 80 പവനോളം സ്വർണം മോഷ്ടിച്ചു.കുന്നംകുളം തൃശൂർ റോഡിലെ ശാസ്ത്രജീനഗർ മൂന്നിൽ താമസിക്കുന്ന 111ആം നമ്പർ പ്രശാന്തി വീട്ടിൽ രാജന്റെ ഭാര്യ 54 വയസ്സുള്ള ദേവിയുടെ വീട്ടിലാണ് കവർച്ച നടന്നത്.
ഇന്ന് രാവിലെ 10 മണിയോടെ വീട്ടുടമ വീടുപൂട്ടി കല്യാണത്തിന് പോയിരുന്നു. തിരിച്ച് മൂന്നരയോടെ വീട്ടിൽ വന്ന സമയത്താണ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 80 പവനോളം വരുന്ന സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്.
വീടിന്റെ മുകളിലത്തെ നിലയിലെ വാതിൽ തിക്കി തുറന്നാണ് കള്ളൻ അകത്ത് കയറിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടുടമയായും എൽഐസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മധ്യവയസ്ക തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. ഭർത്താവ് ജോലിയുമായി ബന്ധപ്പെട്ട എത്യോപ്യയിലാണ്. സംഭവം കുന്നംകുളം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നിർദേശപ്രകാരം അഡിഷണൽ എസ്ഐ മണികണ്ഠന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് മോഷ്ടാവിനായുള്ള അന്വേഷണം ആരംഭിച്ചു.
