ഇടുക്കിയിൽ പൂവനെ വിറ്റത് 13,300 രൂപയ്ക്ക് !

0
81

ഒരു കിലോ കോഴിയിറച്ചിക്ക് എന്ത് വിലയുണ്ട് ? 200 രൂപയുടെ പരിസരത്ത് നിൽക്കും വിലനിലവാരം. എന്നാൽ ലേലത്തിന് വച്ചാലോ ? ലേലം വിളിക്കിടെയുള്ള വാശി കയറുന്നതിനനുസരിച്ച് വിലയും കൂടും. ചിലപ്പോൾ വില പിതനായിരം കടക്കും. അതിശയോക്തി തോന്നുന്നുണ്ടാകും. പക്ഷെ സംഗതി നടന്ന സംഭവമാണ്.

ഇടുക്കിയിൽ ഒരു പൂവൻകോഴിയെ വിറ്റത് 13,300 രൂപയ്ക്കാണ്. ഇടുക്കിയിലെ പരിവർത്തനമേട് ക്ലബ് പുനരുജ്ജീവിപ്പിക്കാനാണ് പൂവൻകോഴിയെ ലേലത്തിന് വച്ചത്. പ്രദേശവാസിയായ ആലുങ്കൽ ജോഷിയാണ് കോഴിയെ ലേലത്തിന് വച്ചത്.

പത്ത് രൂപ മുതൽ ആരംഭിച്ച ലേലം വളരെ വേഗമാണ് വാശിയേറിയ ലേലമായി മാറുന്നത്. ലേലത്തുക നൂറ് കടന്ന്, ആയിരം കടന്ന് ഒടുവിൽ പതിനായിരം വരെ കടന്നു. ഏറ്റവുമവസാനം 13,300 രൂപയ്ക്ക് നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേൽ പൂവനെ ലേലത്തിൽ വാങ്ങുകയായിരുന്നു.