നേപ്പാളില്‍ ഇരട്ട ഭൂചലനം; ഉത്തരാഖണ്ഡിലും പ്രകമ്പനം

0
100

നേപ്പാളില്‍ ഇന്ന് പുലര്‍ച്ചെ ഇരട്ട ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ നാഷണല്‍ എര്‍ത്ത്ക്വേക്ക് മോണിറ്ററിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (NERMC) പറയുന്നതനുസരിച്ച്, ബുധനാഴ്ച പുലര്‍ച്ചെ നേപ്പാളിലെ ബാഗ്ലുങ് ജില്ലയില്‍ 4.7, 5.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. ബഗ്ലുങ് ജില്ലയിലെ അധികാരി ചൗറില്‍ പുലര്‍ച്ചെ 01:23 നാണ് (പ്രാദേശിക സമയം) 4.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഉണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പം ബാഗ്ലുങ് ജില്ലയിലെ ഖുംഗയുടെ പരിസരത്ത് പുലര്‍ച്ചെ 02:07 ന് (പ്രാദേശിക സമയം) ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഉത്തരാഖണ്ഡിലും ഭൂചലനം അനുഭവപ്പെട്ടു

നേപ്പാളിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ പുലര്‍ച്ചെ 2.19ന് (പ്രാദേശിക സമയം) 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.

ജനങ്ങള്‍ പരിഭ്രാന്തിയിലാണ്

കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിനെ കുറിച്ച് ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠിലെ ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. ഡിസംബര്‍ 24 ശനിയാഴ്ച ഇവിടെ ആളുകള്‍ തെരുവിലിറങ്ങി. കാരണം, ജോഷിമഠത്തിന്റെ പല പ്രദേശങ്ങളിലും വീടുകളിലെ ഭിത്തികളില്‍ വലിയ വിള്ളലുകള്‍ വരുന്നുണ്ട്. ദിവസങ്ങളായി ഇങ്ങനെ സംഭവിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ജോഷിമഠത്തിലെ 9 വാര്‍ഡുകളിലായി 513 വീടുകളിലാണ് വലിയ വിള്ളലുണ്ടായത്. ജോഷിമഠത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ഓരോ ദിവസവും വീടുകള്‍ക്ക് വിള്ളലുണ്ടാകുന്ന വാര്‍ത്തയാണ് ലഭിക്കുന്നത്. ആളുകള്‍ ഭയപ്പാടോടെയാണ് ജീവിക്കുന്നത്. സുരക്ഷയെക്കുറിച്ച് അവര്‍ ആശങ്കാകുലരാണ്. ഇവിടെ നിര്‍മിക്കുന്ന തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെ തുരങ്കം കാരണമാണ് ജോഷിമഠിലെ വീടുകളില്‍ വിള്ളല്‍ ഉണ്ടാകുന്നതെന്ന സംശയവും ആളുകള്‍ക്കിടയിലുണ്ട്.