നാൽപ്പത്തിയൊന്ന് ദിവസത്തെ പൂജകൾക്ക് സമാപനം കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ നടന്നു. അരലക്ഷത്തോളം പേരാണ് പ്രത്യേക പൂജകളിൽ പങ്കെടുക്കാനും ദർശനം നടത്താനും സന്നിധാനത്ത് എത്തിയത്. മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30 ന് വീണ്ടും നട തുറക്കും.
41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിനു പരിസമാപ്തി കുറിച്ചുകൊണ്ടാണ് ഇന്ന് മണ്ഡലപൂജ നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12:30 നും ഒരുമണിക്കും മധ്യേയുള്ള മുഹൂർത്തത്തിലാണ് അയ്യപ്പ വിഗ്രത്തിൽ തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടന്നത്.
കളഭവും കലശവും തന്ത്രിയുടെ നേതൃത്വത്തിൽ പൂജിച്ച ശേഷം അയ്യപ്പന് അഭിഷേകം നടത്തി. ഇതിനു ശേഷം തങ്ക അങ്കി ചാർത്തി മണ്ഡല പൂജ നടന്നു. മണ്ഡകാലത്തെ അവസാന ദിനത്തിലെ പുലരിയിൽ ഭക്തിനിർഭരമായിരുന്നു സന്നിധാനം.
രാത്രി 11.30 വരെ തങ്ക അങ്കി ചാർത്തിയ അയ്യനെ ദർശിക്കാൻ ഭക്തർക്ക് അവസരം ലഭിക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിനാണ് വീണ്ടും നട തുറക്കുന്നത്.ജനുവരി 14 നാണ് മകരവിളക്ക്.