പുതുവര്‍ഷത്തില്‍ സാമ്പത്തിക മാറ്റങ്ങള്‍ നിരവധി, നിങ്ങളെ എങ്ങിനെ ബാധിക്കും?

0
61

പുതുവര്‍ഷം പിറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. നവവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് എല്ലാവരും. കൊറോണയുടെ ആശങ്കയിലും പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ കാത്തിരിക്കുകയാണ് എല്ലാവരും.

നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണയും പുതുവര്‍ഷം എത്തുന്നത്‌. സാമ്പത്തിക മാറ്റങ്ങളുടെ കാര്യങ്ങള്‍ പരിഗണിച്ചാല്‍ ബാങ്ക് ലോക്കർ, ക്രെഡിറ്റ് കാർഡ്, മൊബൈൽ തുടങ്ങിയവ സംബന്ധിച്ച നിരവധി നിയമങ്ങളിൽ വലിയ മാറ്റമുണ്ടാകും. ഈ മാറ്റങ്ങള്‍ രാജ്യത്തെ കോടിക്കണക്കിന് ആളുകളെ ബാധിക്കും. ഇതോടൊപ്പം ഗ്യാസ് സിലിണ്ടറുകളുടെ വിലയും വാഹനങ്ങളുടെ വിലയും കൂടാം. ഈ മാറ്റങ്ങളെല്ലാം നിങ്ങളുടെ പോക്കറ്റിനെ നേരിട്ട് ബാധിക്കുന്നവയാണ് എന്നതാണ് വസ്തുത.

2023 ജനുവരി 1 മുതൽ എന്തൊക്കെ സാമ്പത്തിക മാറ്റങ്ങളാണ് വരാന്‍ പോകുന്നത് എന്ന് അറിയാം…

1. വാഹനങ്ങളുടെ വില

റിപ്പോര്‍ട്ട് അനുസരിച്ച് പുതുവർഷം മുതൽ വാഹനങ്ങളുടെ വില വര്‍ദ്ധിക്കും. ഇതിനകംതന്നെ മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ, ടാറ്റ മോട്ടോഴ്‌സ്, മെഴ്‌സിഡസ് ബെൻസ്, ഓഡി, റെനോ, കിയ ഇന്ത്യ, എംജി മോട്ടോർ എന്നിവ 2023 ജനുവരി 1 മുതൽ വാഹന വില വർദ്ധിപ്പിക്കുമെന്ന തരത്തില്‍ സൂചനകള്‍ നല്‍കികഴിഞ്ഞു.

2. ബാങ്ക് ലോക്കര്‍ നിയമങ്ങളിൽ മാറ്റമുണ്ടാകും..

ജനുവരി 1 മുതൽ, എല്ലാ ലോക്കർ ഉടമകൾക്കും റിസർവ് ബാങ്ക് ഒരു കരാർ നൽകും, അതിൽ ഇടപാടുകാർ ഒപ്പിടണം.

3. ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം

ജനുവരി മുതല്‍ ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റമുണ്ടാകും. കൂടാതെ, HDFC ബാങ്ക് റീഫണ്ട് പോയിന്‍റുകളും ഫീസും മാറ്റാൻ പോകുന്നു. ഇതിന് പുറമെ ചില കാര്‍ഡ് നിയമങ്ങളിൽ മാറ്റം വരുത്താന്‍ SBIതീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ ബാങ്കുകള്‍ ഉടന്‍തന്നെ പുറത്തുവിടും.

4. ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടാകും

ഒന്നാം തിയതി മുതല്‍ രാജ്യത്ത് ഗ്യാസ് സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടാകും. എല്ലാ മാസവും ഒന്നാം തീയതി എണ്ണക്കമ്പനികള്‍ രാജ്യത്തെ ഗ്യാസ് സിലിണ്ടര്‍ വില അവലോകനം ചെയ്യും. സർക്കാർ എണ്ണക്കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതി ഗ്യാസ് സിലിണ്ടറുകളുടെ വില കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നു.

5. ജനുവരി 1 മുതൽ GST നിയമങ്ങളിൽ മാറ്റം വരും

റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരി 1 മുതല്‍ ജിഎസ്ടി നിയമങ്ങളില്‍ വലിയ മാറ്റം പ്രതീക്ഷിക്കാം. 5 കോടിയിലധികം വാർഷിക വിറ്റുവരവുള്ള വ്യവസായികൾക്ക് ഇ-ഇൻവോയ്‌സുകൾ സൃഷ്‌ടിക്കേണ്ടത് അനിവാര്യമായി വരും.

6. മൊബൈലിന്‍റെ നിയമങ്ങളിൽ മാറ്റമുണ്ടാകും

എല്ലാ ഫോൺ നിർമ്മാതാക്കൾക്കും അതിന്‍റെ ഇറക്കുമതി, കയറ്റുമതി കമ്പനിക്കും ഒന്നാം തീയതി മുതൽ എല്ലാ ഫോണുകളുടെയും IMEI നമ്പർ രജിസ്ട്രേഷൻ ആവശ്യമാണ്.