മൂന്നാറിൽ ആനക്കുട്ടികള്‍ക്കിടയില്‍ ഹെര്‍പീസ് രോഗബാധ കണ്ടെത്തി

0
96

മൂന്നാറിൽ ആനക്കുട്ടികള്‍ക്കിടയില്‍ ഹെര്‍പീസ് രോഗബാധ കണ്ടെത്തി. ഇതിനെ തുടർന്ന് ആനക്കുട്ടികളെ നിരീക്ഷിക്കാൻ വനം വകുപ്പ് വാച്ചർമാരെ നിയോഗിച്ചു. ആനകള്‍ കൂട്ടത്തോടെ കാണപ്പെടുന്ന മാട്ടുപ്പെട്ടി കുണ്ടള ചിന്നക്കനാല്‍ മാങ്കുളം മേഖലകളിലാണ് മൂന്നാര്‍ ഡിഎഫ്ഒയുടെ നേത്യത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ദേവികുളം റേഞ്ചില്‍പ്പെട്ട കുണ്ടള മേഖലയില്‍ ആനക്കുട്ടികളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

അമ്മയ്‌ക്കൊപ്പം എത്തിയ മൂന്ന് ആനക്കുട്ടികള്‍ ഒന്ന് ഇടവിട്ട ദിവസങ്ങളില്‍ ചരിഞ്ഞതോടെ അതില്‍ ഒരെണ്ണത്തിന്റ സാബിളുകള്‍ വനം വകുപ്പ് ലാബില്‍ പരിശോധനക്കായി അയക്കുകയായിരുന്നു. ഇതില്‍ നിന്നാണ് ആനകുട്ടികളില്‍ ഹെര്‍പീസ് എന്ന രോഗം പടരുന്നതായി വനം വകുപ്പ് കണ്ടെത്തിയത്. മറ്റ് രണ്ട് ആനക്കുട്ടികളുടെയും സാബിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി റേഞ്ച് ഓഫീസര്‍ വെജി പിവി പറഞ്ഞു.

തൊലിയിലും ശ്വസന വ്യവസ്ഥയേയും ബാധിക്കുന്ന വളരെ ഗുരുതരമായ വൈറസ് രോഗബാധയാണ് ഹെര്‍പീസ്. തലയിലും തുമ്പിക്കൈയിലും പിങ്ക് നിറത്തിലുള്ള ചെറുമുഴകള്‍ വരുന്നതാണ് പ്രധാന രോഗലക്ഷണം. രോഗബാധ ഗുരുതരമായാല്‍ 24 മണിക്കൂറിനുള്ളില്‍ വരെ മരണം സംഭവിക്കാന്‍ ശേഷിയുള്ളതാണ് ഹെര്‍പീസ് വൈറസ്. മാരകമായ ഹെർപീസ് രോഗബാധയുടെ ആദ്യ കേസ് 1990-ല്‍ ആഫ്രിക്കന്‍ ആനകളിലാണ് രേഖപ്പെടുത്തപ്പെടുത്തിയത്. പിന്നീട് ഏഷ്യന്‍ ആനകളിലും രോഗബാധ കണ്ടെത്തിയിരുന്നു.

ആന്റിവൈറല്‍ മരുന്നുകളുടെ ദ്രുതഗതിയിലുള്ള പ്രയോഗത്തിലൂടെ രോഗത്തെ ചികിത്സിക്കാന്‍ കഴിയും. എന്നാല്‍ ഇത് ഏകദേശം മൂന്നിലൊന്ന് കേസുകളില്‍ മാത്രമേ ഫലപ്രദമാകൂ. മാരകമായ രോഗം പിടിപെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും. ചികിത്സിച്ചില്ലെങ്കില്‍ ഏറിയാല്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ല. ആലസ്യം, ഭക്ഷണം കഴിക്കാനുള്ള മനസ്സില്ലായ്മ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, രക്തകോശങ്ങളുടെ എണ്ണം കുറയുക, നാവിലെ സയനോസിസ്, വായിലെ അള്‍സര്‍, തലയുടെയും തുമ്പിക്കൈയുടെയും നീര്‍വീക്കം എന്നിവയും രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.