ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഫാര്‍മസിയില്‍ വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ നാല് തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തീപിടിത്തമുണ്ടായത്. അനകപ്പള്ളി ജില്ലയിലെ ജവഹര്‍ലാല്‍ നെഹ്റു ഫാര്‍മസിയിലാണ് സംഭവം.
വാതകച്ചോര്‍ച്ചയും തീപിടിത്തവും തടയാന്‍ ഫാര്‍മസിയിലെ തൊഴിലാളികള്‍ ശ്രമിച്ചതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ വാതകച്ചോര്‍ച്ച നിയന്ത്രിക്കുന്നതിന് മുമ്പ് സ്‌ഫോടനമുണ്ടായി. ഫാര്‍മസിറ്റിയിലെ ലോറസ് കമ്പനിയുടെ യൂണിറ്റ്-3ല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് ഫാര്‍മസി മാനേജ്മെന്റ് അറിയിച്ചു. അപകടം നടന്നയുടന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഖമ്മം സ്വദേശി ബി രാംബാബു, ഗുണ്ടൂര്‍ സ്വദേശി രാജേപ് ബാബു, കോട്ടപ്പാട് സ്വദേശി ആര്‍ രാമകൃഷ്ണ, ചോടവാരം സ്വദേശി മജ്ജി വെങ്കട്ട റാവു എന്നിവരാണ് മരിച്ചത്.
‘സംഭവത്തില്‍ രണ്ട് കരാര്‍ തൊഴിലാളികളും 2 സ്ഥിരം തൊഴിലാളികളും ഉള്‍പ്പെടെ 4 പേര്‍ സ്‌ഫോടനത്തില്‍ മരിച്ചു. സതീഷ് എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്’, പര്‍വാഡ പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.