ഹിഗ്വിറ്റയുടെ ഒഫീഷ്യൽ ടീസർ റിലീസായി

0
58

സിനിമാ സാഹിത്യ മേഖലയില്‍ വാദ പ്രതിവാദങ്ങള്‍ നടന്ന മലയാള സിനിമ ‘ഹിഗ്വിറ്റ’യുടെ (Higuita) ടീസര്‍ റിലീസായി. വിവാദങ്ങളില്‍ തളരാതെ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ദിനം തന്നെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടു.

ടീസറില്‍ കാണുന്ന ധ്യാന്‍ ശ്രീനിവാസന്റെ ഇതുവരെ കാണാത്ത കഥാപാത്രവും സുരാജ് വെഞ്ഞാറമൂടിന്റെ ശക്തമായ രാഷ്ട്രീയ കഥാപാത്രവും ഹിഗ്വിറ്റ തിയേറ്ററുകളില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്നുറപ്പ് നല്‍കുന്നു. നേരത്തെ തന്നെ പുറത്തുവന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍സ് എല്ലാം ശ്രദ്ധേയമായിരുന്നു.

ചിത്രത്തില്‍ പന്ന്യന്‍ മുകുന്ദന്‍ എന്ന ഇടതു രാഷ്ട്രീയ നേതാവിനെ സുരാജ് വെഞ്ഞാറമൂടും അയ്യപ്പദാസ് എന്ന ഗണ്‍മാനെ ധ്യാന്‍ ശ്രീനിവാസനുമാണ് അവതരിപ്പിക്കുന്നത്.പുതുമുഖം സങ്കീര്‍ത്തനയാണ് സിനിമയിലെ നായിക.

സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൂര്‍ത്തിയായ ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്.

സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സങ്കീര്‍ത്തന തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസില്‍ നാസറും എഡിറ്റിങ്ങ് പ്രസീദ് നാരായണനുമാണ്.

സംഗീതം രാഹുല്‍ രാജും പശ്ചാത്തല സംഗീതം ഡോണ്‍ വിന്‍സന്റും നിര്‍വഹിക്കുന്നു. ബോബി തര്യനും സജിത്ത് അമ്മയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഹിഗ്വിറ്റ ജനുവരിയില്‍ തിയേറ്ററുകളിലേക്കെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.