ലണ്ടനിലേക്കുള്ള വിമാനത്തിന്റെ ചക്രത്തിൽ മൃതദേഹം കണ്ടെത്തി

0
46

ഗാംബിയയിൽ നിന്ന് ബ്രിട്ടനിലേക്ക് പറന്ന വിമാനത്തിന്റെ വീൽബേയിൽ നിന്ന് മൃതദേഹം കണ്ടെത്തിയതായി ഗാംബിയൻ അധികൃതർ അറിയിച്ചു. TUI എയർവേയ്‌സ് നടത്തുന്ന ജെറ്റിലാണ് ഒരു പുരുഷന്റെ അജ്ഞാത മൃതദേഹം ലഭിച്ചത്. ഡിസംബർ 5 ന് ഗാംബിയയുടെ തലസ്ഥാനമായ ബഞ്ചുളിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം.

എന്നാൽ ഈ ആഴ്ചയാണ് ഇംഗ്ലണ്ടിലെ സസെക്സ് മെട്രോപൊളിറ്റൻ പൊലീസിൽ നിന്ന് ഗാംബിയ സർക്കാരിന് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. ബ്രിട്ടീഷ് ചാർട്ടർ എയർലൈനായ TUI എയർവേയ്‌സിന്റെ ജെറ്റിലാണ് അജ്ഞാതനായ കറുത്ത പുരുഷന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ഗാംബിയ സർക്കാർ വക്താവ് എബ്രിമ ജി ശങ്കരേ പ്രസ്താവനയിൽ അറിയിച്ചു.

മരിച്ച പുരുഷനെ സംബന്ധിക്കുന്ന യാതൊരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. പേര്, വയസ്സ്, ദേശീയത എന്നിവ സ്ഥാപിക്കുന്നതിനുള്ള തിരിച്ചറിയൽ രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു. മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കായി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.