ദുരൂഹത നിറഞ്ഞ പത്തനംതിട്ട രണ്ടാം `നരബലിക്കേസ്´: പരാതിയില്ലെന്ന് യുവതി

0
91

തിരുവല്ലയിൽ മന്ത്രവാദത്തിനിടെ തന്നെ കൊല്ലാൻ ശ്രമിച്ചെന്ന കുടക് സ്വദേശിനിയുടെ ആരോപണം പുറത്തു വന്നതോടെ ഇലന്തൂരിന് പിന്നാലെ മറ്റൊരു നരബലി സംഭവം കൂടി പത്തനംതിട്ട ജില്ലയിൽ (Pathanamthitta District) നിന്നുമുയുരുകയാണോ എന്ന ആശങ്കകൾ പുറത്തു വന്നിരുന്നു. കുടക് സ്വദേശിനിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് തിരുവല്ല പോലീസ് (Thiruvalla Police) വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. ഡിവൈഎസ്︋പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണത്തിന് തുടക്കം കുറിച്ചത്. എന്നാൽ ഈ അന്വേഷണത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് പ്രദേശിക ചാനലിലൂടെ പരാതി ഉന്നയിച്ച കുടക് സ്വദേശിണിയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രസ്തുത സംഭവത്തിൽ പരാതി നൽകാനോ, തൻ്റെ വിലാസം വെളിപ്പെടുത്താനോ തയ്യാറല്ലെന്ന് കുടക് സ്വദേശിനി ഡിവൈഎസ്︋പിയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

അതേസമയം യുവതിയെ കുറ്റപ്പുഴയിലെ വീട്ടിലെത്തിച്ച ചങ്ങനാശ്ശേരി സ്വദേശിനി അമ്പിളിയെ ഡിവൈഎസ്︋പി ടി.രാജപ്പൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ചോദ്യംചെയ്തു. കുടക് സ്വദേശിനിയെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നാണ് അമ്പിളി പറയുന്നത്. അവിടെ മന്ത്രവാദമോ, കൊലപാതകശ്രമമോ ഉണ്ടായില്ല. കുറ്റപ്പുഴയിലെ വാടകവീട്ടിൽ മൂന്നുദിവസം തന്നോടൊപ്പം കുടക് സ്വദേശിനി ഉണ്ടായിരുന്നുവെന്നും അമ്പിളി പൊലീസിനോട് വ്യക്തമാക്കി. അവർ നാലാംദിവസം രാവിലെ ഒൻപതരയോടെയാണ് മടങ്ങിയതെന്നും അമ്പിളി പറഞ്ഞു.

അമ്പിളിയും കുടക് സ്വദേശിനിയും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. മുത്തൂരിൽ അമ്പിളി മുമ്പ് താമസിച്ചിരുന്ന വാടകവീട്ടിൽ 2021 ഡിസംബറിൽ മൂന്നുദിവസം കുടക് സ്വദേശിനി വന്നിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കുറ്റപ്പുഴയിലെ വീട്ടിൽനിന്നും കുടക് സ്വദേശിനി പോകുന്നതിന് തലേന്ന് രാത്രി ഏഴുമണിയോടെ മൂന്ന് യുവാക്കൾ വീട്ടിലെത്തിയിരുന്നുവെന്നും അമ്പിളി പറയുന്നു. ഇവർ 10 മണിയോടെ മടങ്ങിപ്പോയി. 10.30-ന് ചങ്ങനാശ്ശേരിക്കാരനും കുടക് സ്വദേശിനിയുടെ പരിചയക്കാരനുമായ യുവാവാവ് വീട്ടിലെത്തി. ഇയാൾ മടങ്ങിയ ശേഷം 11 മണിയോടെ പാമ്പാടിയിലുള്ള യുവാവും വീട്ടിലെത്തിയിരുന്നു. ആ സമയം കുടക് സ്വദേശിനി ഉറങ്ങുകയായിരുന്നെന്നും അമ്പിളി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

അതേസമയം ചോദ്യം ചെയ്യലിന് ശേഷം പരാതികളില്ലാത്തതിനാൽ അമ്പിളിയെ പൊലീസ് വിട്ടയക്കുകയായിരുന്നു. തുടർന്ന് കുടക് സ്വദേശിനിയുമായി പോലീസ് ബന്ധപ്പെട്ടു. എന്നാൽ യുവതി ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്. തന്നെ മന്ത്രവാദം നടത്തി കൊല്ലാൻ ശ്രമിച്ചെന്ന ആരോപണം കുടക് സ്വദേശിനി ആവർത്തിച്ചു. എട്ടിന് രാത്രിയിൽ കുറ്റപ്പുഴയിലെ വീട്ടിൽ മന്ത്രവാദത്തിനുള്ള സാഹചര്യം ഒരുക്കുകയും കൊലപ്പെടുത്താനുള്ള നീക്കം ഉണ്ടാകുകയും ചെയ്തെന്നാണ് യുവതി പറയുന്നത്. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടെന്നും യുവതി പറഞ്ഞു. അന്നു രാത്രി 11 മണിക്കുശേഷം ഈ വീട്ടിലെത്തിയ യുവാവാണ് തന്നെ രക്ഷപ്പെടാൻ സഹായിച്ചതെന്നും കുടക് സ്വദേശിനി പൊലീസിനോട് വ്യക്തമാക്കി.

ഇതിനിടെ വീട്ടുടമസ്ഥ അമ്പിളി സെക്‌സ് റാക്കറ്റിൻ്റെ ഭാഗമാണെന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഭർത്താവിനും രണ്ട് ആൺമക്കൾക്കുമൊപ്പം ഇവർ വീടുകൾ മാറിമാറി വാടകയ്ക്ക് എടുത്താണ് താമസിക്കുന്നത്. ഒരുസ്ഥലത്തും സ്ഥിരമായി താമസിക്കുന്ന സ്വഭാവം അമ്പിളിക്കില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. പ്രാദേശിക സചാനലിൽ കൂടി കുടക് സ്വദേശിനി പരാതി ഉന്നയിച്ച സാഹചര്യത്തിൽ കേസെടുത്ത് മുന്നോട്ടു പോകാനാണ് പൊലീസ് തീരുമാനമെന്നും സൂചനകളുണ്ട്. യുവതിക്ക് പരാതിയില്ലെന്ന് വ്യക്തമാക്കിയെങ്കിലും പൊലീസ് കേസെടുത്ത് അന്വേഷിച്ചാൽ ഇതിനു പിന്നിലെ ദുരൂഹത പുറത്തു വരുമെന്നാണ് കരുതപ്പെടുന്നതും.

അതേസമയം മറ്റുചില വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അമ്പിളിയുടെ കാറുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. അമ്പിളിയുടെ കാർ കുടക് സ്വദേശിനിയുമായി അടുപ്പമുള്ള ഒരു യുവാവിൻ്റെ കെവശമിരിക്കുകയാണ്. ഈ കാറ് തിരിച്ചുവേണമെന്ന് അമ്പിളി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുകയാണ്. അതിനിടയിലാണ് അമ്പിളിക്കെതിരെ ആരോപണം ഉന്നയിച്ച് കുടക് സ്വദേശിനി രംഗത്തെത്തിയത്. അമ്പിളിയും യുവാവുമായി കാറിനെ സംബന്ധിച്ചുള്ള തർക്കവും കുടക് സ്വദേശിനിയുടെ ആരോപണവുമായി ഏതെങ്കിലും രീതിയിൽ ബന്ധമുണ്ടോ എന്നുള്ള കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.