അമേരിക്കയിൽ ക്യാപിറ്റോൾ കലാപത്തിന് പിന്നിൽ ഡൊണാൾഡ് ട്രംപ്

0
86

അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ക്യാപിറ്റോൾ കലാപത്തിന് പിന്നിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണെന്ന് റിപ്പോർട്ട്. യുഎസ് പാർലമെന്റായ കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതിയുടെ അന്തിമ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കലാപത്തിന്റെ ഗൂഢാലോചനയിൽ ട്രംപിന് വ്യക്തമായ പങ്കുണ്ടെന്ന് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.

18 മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഒൻപത് അംഗ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ക്യാപിറ്റോൾ ആക്രമിക്കുന്നതിൽ നിന്നും അനുയായികളെ പിന്തിരിപ്പിക്കാൻ ട്രംപ് ശ്രമിച്ചില്ലെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ക്യാപിറ്റോൾ കലാപം അമേരിക്കൻ ജനാധിപത്യത്തെ വെല്ലുവിളിക്കുകയും ജനപ്രതിനിധികളുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തതായി സമിതി വിലയിരുത്തി.

എട്ട് അദ്ധ്യായങ്ങളാണ് റിപ്പോർട്ടിലുള്ളത്. വ്യാഴാഴ്ചയാണ് 814 പേജുകളുള്ള റിപ്പോർട്ട് സമിതി പ്രസിദ്ധീകരിച്ചത്. ട്രംപിന്റെ പേരിൽ കലാപാഹ്വാനം, ഗൂഢാലോചന, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ എന്നിവ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റം ചുമത്താൻ നീതിന്യായ വകുപ്പിന് ശുപാർശ നൽകുമെന്ന് സമിതി വ്യക്തമാക്കിയിരുന്നു.

വരുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്ന ട്രംപിന് കനത്ത തിരിച്ചടിയാണ് റിപ്പോർട്ട്. ട്രംപിനേയും അനുയായികളേയും ഫെഡറൽ, സംസ്ഥാന, സൈനിക മേഖലകളിൽ നിന്ന് ഉൾപ്പെടെ പൊതു ചുമതലകൾ വഹിക്കുന്നതിൽ നിന്ന് വിലക്കുന്നതിന് നിയമനിർമ്മാണം നടത്തണമെന്നും തിരഞ്ഞെടുപ്പ് നിയമങ്ങൾ പരിഷ്‌കരിക്കണമെന്നും സമിതി നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ജോ ബൈഡൻ പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാത്ത ട്രംപ് അനുകൂകികൾ ക്യാപിറ്റോളിലേക്ക് ഇടിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. കലാപത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. അമേരിക്കൻ ജനാധിപത്യ ചരിത്രത്തിൽ കരിപുരണ്ട ദിനമായാണ് ക്യാപിറ്റോൾ കലാപത്തെ വിലയിരുത്തുന്നത്.