നേസല്‍ വാക്‌സീന് ഇന്ത്യ അംഗീകാരം നല്‍കി

0
112

കുത്തിവയ്പ്പിലൂടെ വാക്‌സീന്‍ സ്വീകരിക്കുന്നത് ഭയപ്പെടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. നേസല്‍ വാക്‌സീന് ഇന്ത്യ അംഗീകാരം നല്‍കി. ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസായി അംഗീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാനേസല്‍ കോവിഡ് വാക്‌സീന്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ ലഭ്യമാകും. കൂടാതെ വെള്ളിയാഴ്ച വൈകുന്നേരം CoWIN-ലും (കാവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാം) ഉള്‍പ്പെടുത്തും.

മൂക്കിലൂടെ നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ബൂസ്റ്റര്‍ ഡോസാണിത്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇത് നല്‍കി തുടങ്ങും. വാക്സീന്റെ വില ഉടന്‍ തീരുമാനിക്കുകയും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ലഭ്യമാക്കുകയും ചെയ്യും. നിലവില്‍ ഭാരത് ബയോടെക്കിന്റെ Covaxin, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ Covishield, Covax, റഷ്യയുടെ Sputnik V, Biological E Ltd-ന്റെ Corbevax വാക്‌സിന്‍ എന്നിവ കോവിന്‍ പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ടു തുള്ളി മൂക്കിലൂടെ നല്‍കുന്ന (നേസല്‍ വാക്‌സീന്‍) വാക്‌സീന് കേന്ദ്രം നേരത്തെ അനുമതി നല്‍കിയിരുന്നു. കോവീഷില്‍ഡ്, കോവാക്‌സീന്‍ എന്നീ വാക്‌സീനുകളുടെ രണ്ടു ഡോസ് സ്വീകരിച്ചവര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ഇത് ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാമെന്നാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്. വാക്‌സീനേഷന്‍ യഞ്ജത്തില്‍ ഇന്നു മുതല്‍ നേസല്‍ വാക്‌സീനും ഉള്‍പ്പെടുത്തും. കോവിന്‍ പോര്‍ട്ടലിലും ഇവ കാണാന്‍ സാധിക്കും. രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ഈ വാക്‌സീന്‍ ലഭ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

എന്താണ് ഈ നേസല്‍ വാക്‌സീന്‍?

പേര് സൂചിപ്പിക്കുന്നത് പോലെ മൂക്കിലൂടെ നല്‍കുന്ന വാക്‌സീന്‍ ആണ് നേസല്‍ വാക്‌സീന്‍. ഒന്നും രണ്ടും വാക്‌സീന്‍ ഇഞ്ചക്ഷനിലൂടെ എടുക്കുമ്പോള്‍, മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് മൂക്കിലൂടെയും നല്‍കും.

നേസല്‍ വാക്‌സീന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

വൈറസ് സാധാരണയായി മൂക്കിലൂടെയാകും ശരീരത്തില്‍ പ്രവേശിക്കുന്നത്. ഇതിന് മൂക്കിനുള്ളിലെ പ്രോട്ടീനുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തേണ്ടതായി വരും. ഈ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടുകയാണ് നേസല്‍ വാക്‌സീനുകള്‍ ചെയ്യുന്നത്. രണ്ടാഴ്ചക്കുള്ളില്‍ തന്നെ വാക്‌സീന്‍ ശരീരത്തില്‍ പ്രവര്‍ത്തന ക്ഷമമാകും.

നേസല്‍ വാക്‌സിന്‍ മറ്റ് വാക്‌സിനുകളില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള നിരവധി രോഗാണുക്കള്‍ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നു. അവിടെയുള്ള കോശങ്ങളും തന്മാത്രകളും വൈറസുമായി സമ്പര്‍ക്കത്തില്‍ വരികയും രോഗപ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കുകയും ചെയ്യുന്നു. നോസല്‍ വാക്‌സീന്‍ കോവിഡ്-19 ന് എതിരെ സംരക്ഷണം നല്‍കുക മാത്രമല്ല, മൂക്കിലും തൊണ്ടയിലുമുള്ള കോശങ്ങളില്‍ വരുന്ന പ്രധാന മാറ്റങ്ങളേയും പ്രതിരോധിക്കുന്നു. ഇതുവരെ രോഗസാധ്യതയെ കുറയ്ക്കുന്നു. ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.