വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന കർശനം: ഇന്ത്യയിൽ എത്തുന്നവർക്ക് പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ

0
66

ഇന്ത്യയിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണിത്. രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളിലെ യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണം. ഡിസംബർ 24 മുതലാണ് പുതിയ നിയന്ത്രങ്ങൾ പാലിക്കേണ്ടത്.

രാജ്യാന്തര യാത്ര നടത്തുന്നവർ കോവിഡ് വാക്‌സിൻ എടുത്തിരിക്കണം. യാത്രയ്ക്കിടെ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗരേഖയിൽ പറയുന്നു. കോവിഡ് ലക്ഷണമുള്ളവരെ ഐസൊലേറ്റ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. പ്രവേശന സമയത്ത് എല്ലാവരേയും ആരോഗ്യ ഉദ്യോഗസ്ഥർ തെർമൽ സ്‌ക്രീനിംഗിന് വിധേയരാക്കണം.

സ്‌ക്രീനിംഗ് സമയത്ത് രോഗലക്ഷണങ്ങൾ കണ്ടെത്തുന്ന യാത്രക്കാരെ ഉടൻ ഐസൊലേറ്റ് ചെയ്യുകയും ഹെൽത്ത് പ്രോട്ടോക്കോൾ അനുസരിച്ച് നിയുക്ത മെഡിക്കൽ സ്ഥാപനത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യണമെന്ന് അതിൽ പറയുന്നു. രാജ്യത്തേയ്ക്ക് എത്തുന്ന രണ്ട് ശതമാനം യാത്രക്കാരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കേണ്ടത്. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പരിശോധനയ്ക്ക് വിധേയരാക്കേണ്ടവരെ വിമാന കമ്പനിയ്ക്ക് തിരഞ്ഞെടുക്കാമെന്നും നിർദ്ദേശമുണ്ട്. യാത്രക്കാരിൽ നിന്ന് ശേഖരിക്കുന്ന സാംപിളുകൾ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ, ആ സാംപിളുകൾ ഐഎൻഎസ്എസിഒജി ലബോറട്ടറി ശൃംഖലയിൽ ജീനോമിക് പരിശോധനയ്ക്കു വിധേയമാക്കണം. ഇത്തരത്തിൽ കോവിഡ് രോഗബാധിതരെന്നു കണ്ടെത്തുന്ന യാത്രക്കാർക്ക് നിശ്ചിത കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചികിൽസ ഉറപ്പാക്കണം.