ലോകം ഭയക്കുന്ന പേര് ‘ചാൾസ് ശോഭരാജ്’; ആരാണയാൾ ?

0
115

കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള ഒട്ടുമിക്ക പത്രങ്ങളുടെയും ഒന്നാം പേജിലെ മുഖ്യ വാർത്തയിൽ സമാനതകളുണ്ടായിരുന്നു. പ്രകൃതി ദുരന്തമോ, ലോകം ആഘോഷിക്കുന്ന ഏതെങ്കിലുമൊരു കായിക മാമാങ്കമോ അല്ല, ഒരു വ്യക്തിയാണ് അതിന് പിന്നിലെ കാരണമെന്ന് പറഞ്ഞാൽ ആരുമൊന്ന് ഞെട്ടും. ‘കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജിന് ജയിൽ മോചനം’ ചാനലുകളും പത്രങ്ങളും വാർത്ത ആഘോഷമാക്കുകയാണ്. അപ്പോഴും വിഷയത്തിൽ അജ്ഞതയുള്ള വലിയൊരു വിഭാഗം ചോദിക്കുന്ന ചോദ്യമിതാണ്, ആരാണീ ചാൾസ് ശോഭരാജ് ?

1944ൽ വിയറ്റ്നാമിലെ സൈഗോണിൽ ഇന്ത്യൻ വംശജനായ പിതാവിനും വിയറ്റ്നാമീസ് പൗരയായ മാതാവിനും ആദ്യ മകനായാണ് ചാൾസ് ഗുരുമുഖ് ശോഭരാജ് ഹോട്ട്ചന്ദ് ഭവ്നാനി എന്ന മുഴുവൻ പേരുള്ള ചാൾസ് ശോഭരാജ് ജനിച്ചത്. ചെറുപ്പ കാലത്ത് കുടുംബത്തിലെ ചില പ്രശ്‌നങ്ങൾ അലട്ടിയിരുന്ന അയാൾ കൗമാരത്തിൽ തന്നെ ചില്ലറ മോഷണവും മറ്റ് കുറ്റകൃത്യങ്ങളും ചെയ്‌ത്‌ തന്റെ ഭാവി എന്തെന്ന് തിരഞ്ഞെടുത്ത് കഴിഞ്ഞിരുന്നു. കാഴ്‌ചയിൽ സുമുഖനായ ശോഭരാജിന് പിൽക്കാലത്ത് ഒരു ‘ഹൈ ക്ലാസ് സെലിബ്രിറ്റി’യുടെ പരിവേഷം ചാർത്തി നൽകിയെന്നതാണ് ചരിത്രം.

ആദ്യമായി മോഷണകുറ്റത്തിനാണ് ശോഭരാജ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്, 1963ൽ. ഇതിന്റെ തുടർച്ചയെന്നോണം പിന്നീട് കുറ്റ കൃത്യങ്ങളിൽ വിരാജിച്ച ജീവിതമായിരുന്നു അയാൾ നയിച്ചതും. 1975ൽ തെരേസ നോൾട്ടനെന്ന യുവതിയെ കൊലപ്പെടുത്തി തുടങ്ങിയ ശോഭരാജിന്റെ സീരിയൽ കൊലപാതക പരമ്പരയിലെ മരണങ്ങളുടെ എണ്ണം ഏതാണ്ട് മുപ്പതോട് അടുക്കുമെന്നാണ് അനൗദ്യോഗിക കണക്കുകൾ. മൊബൈൽ ഫോണും, ഇന്റർനെറ്റും സജീവമല്ലാതിരുന്ന കാലത്ത് നടന്ന കൊലപാതകങ്ങൾ ആകയാൽ പലതിന്റെയും അന്വേഷണം തെളിവില്ലാതെ പാതി വഴിയിൽ നിലച്ചു പോവുകയാണുണ്ടായത്.

തെക്ക് കിഴക്കൻ ഏഷ്യയിലെ വിനോദ സഞ്ചാരികളെ തിരഞ്ഞു പിടിച്ചാണ് ശോഭരാജ് കൊലപാതകം നടത്തിയെന്നത് അന്വേഷണത്തിൽ വ്യക്തമായ കാര്യമാണ്. കൊല്ലപ്പെട്ടവരിൽ കൂടുതൽ പേരും ‘ബിക്കിനി’ ധരിച്ചവരായതിനാൽ പിൽക്കാലത്ത് ഇയാളെ ‘ദി ബിക്കിനി കില്ലർ’ എന്നും ലോകം വിശേഷിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ പക്കൽ നിന്നും പാസ്‌പോർട്ടും, വിദേശ കറൻസിയും മോഷണം പോയി എന്ന സമാനതയിൽ നിന്ന് തുടങ്ങിയ അന്വേഷണത്തിൽ ഇന്റർപോൾ പോലും സഹകരിക്കുകയുണ്ടായി.

ഒടുവിൽ തായ്‌ലൻഡ് പട്ടായ തീരത്ത് പലപ്പോഴായി നടന്ന പന്ത്രണ്ടോളം കൊലപാതകങ്ങളുടെ രീതി പരിശോധിച്ച അന്വേഷണ സംഘത്തിന് ഒരു കാര്യം ബോധ്യമായി, കുറ്റവാളി ഒരാൾ തന്നെ. അങ്ങനെ ദീർഘനാളത്തെ അന്വേഷണത്തിന് ശേഷമാണ് കൊല ചെയ്‌തവരുടെ പാസ്‌പോർട്ട് ഉപയോഗിച്ച് പല വിമാനത്താവളങ്ങളിലൂടെയും സഞ്ചരിച്ച, ആഡംബര ജീവിതം നയിച്ച അതി ബുദ്ധിമാനായ, അതിലേറെ ക്രൂരനായ കുറ്റവാളിയിലേക്ക് അന്വേഷണം ചെന്നെത്തുന്നത്. ഡൽഹി പോലീസാണ് ശോഭരാജിനെ അറസ്‌റ്റ് ചെയ്‌തത്‌.

1976 മുതൽ തിഹാർ ജയിലിൽ തടവ് ശിക്ഷ അനുഭവിച്ച ശോഭരാജ് ജയിലിലും തന്റേതായ സാമ്രാജ്യം ഉണ്ടാക്കിയെടുത്തു. ജയിലിനുള്ളിൽ ഒരു അധോലോക നായകന്റെ പരിവേഷത്തോടെ സുഖ ജീവിതം നയിച്ച ശോഭരാജിനെ ഇന്നും മുൻ ജീവനക്കാർ ഓർക്കുന്നുണ്ട്. 1986ൽ സഹ തടവുകാർക്ക് മയക്കുമരുന്ന് നൽകി ജയിൽ ചാടിയെങ്കിലും ഇയാൾ വൈകാതെ പിടിയിലായി. പിന്നീട് 1997ൽ ജയിൽ മോചനത്തിന് ശേഷം ഇയാളെ ഫ്രാൻസിലേക്ക് (ശോഭരാജ് ഫ്രാൻസ് പൗരനാണ്) നാടു കടത്തുകയായിരുന്നു.

ഇതിനിടെ നിരവധി മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി ചാൾസ് ശോഭരാജ് വൻ പ്രശസ്‌തി നേടി. ശേഷം നേപ്പാളിലേക്ക് കടന്ന ശോഭരാജിനെ 2003ൽ പഴയ കൊലപാതക കേസുകളുടെ പേരിൽ പോലീസ് അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച ശോഭരാജിനെ ഒടുവിൽ പ്രായം കണക്കിലെടുത്ത് 2022 ഡിസംബർ 21ന് സുപ്രീം കോടതി ജയിൽ മോചിതനാക്കാൻ ഉത്തരവിടുകയായിരുന്നു. 78 വയസുകാരനായ ശോഭരാജിനെ 15 ദിവസത്തിനകം നാടു കടത്തണമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

ഒരു കാലഘട്ടത്തെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ ശോഭരാജിന്റെ ജീവിതം ആസ്‌പദമാക്കി ബോളിവുഡിൽ ഒരു ചിത്രവും പുറത്തിറങ്ങി. 2015ലാണ് ‘മേം ഓർ ചാൾസ്’ എന്ന പേരിൽ സിനിമ പുറത്തിറക്കിയത്. ഇതിനൊപ്പം നെറ്റ്ഫ്ലിക്‌സ് ‘ദി സെർപന്റ്’ എന്ന പേരിൽ ഒരു വെബ് സീരീസും പുറത്തിറക്കുകയുണ്ടായി.