ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ സ്‌കൂളുകളില്‍ സിസിടിവി സ്ഥാപിക്കുന്ന നീക്കവുമായി മഹാരാഷ്ട്ര. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് തീരുമാനം അറിയിച്ചത്. സിസിടിവി സ്ഥാപിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ ഉമാ ഖപാരെ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു ഫഡ്‌നാവിസ്. മുംബൈയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി എംഎല്‍എ ചോദ്യമുന്നയിച്ചത്.
നിലവില്‍ സംസ്ഥാനത്തെ ചില വലിയ സ്‌കൂളുകളില്‍ സിസിടിവികളുണ്ട്. എല്ലാ സ്‌കൂളുകളിലും പ്രതിരോധ നടപടിയായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കും. ഇത്തരം അക്രമങ്ങളില്‍ നിന്ന് പിന്തിരിയാന്‍ ഈ നടപടി സഹായിക്കും. ചില സ്‌കൂളുകള്‍ക്ക് പരിസരത്ത് കഫ്റ്റീരിയകളും മികച്ച സാഹചര്യങ്ങളുമുണ്ട്. ഇത്തരം മാറ്റങ്ങള്‍ കുട്ടികളുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും സ്വാധീനിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.
സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും സംയുക്ത യോഗം ചേര്‍ന്ന് ഇതിനായി കര്‍മപദ്ധതി തയ്യാറാക്കും. പല സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നല്‍കിവരുന്നുണ്ടെന്നും ഇന്റര്‍നെറ്റില്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന പോണ്‍ സൈറ്റുകളെ നിരോധിക്കുമെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.