പുതിയ കോവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങള്‍ അറിയാം

0
63

ഒരു ഇടവേളയ്ക്ക് ശേഷം ലോകമെമ്പാടും കോവിഡ് (Covid) പടന്നു പിടിക്കുകയാണ്. ചൈന, ജപ്പാന്‍, അര്‍ജന്റീന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രസീല്‍ തുടങ്ങിയ ഒട്ടുമിക്ക രാജ്യങ്ങളിലും കേസുകള്‍ വീണ്ടും വര്‍ദ്ധിക്കാന്‍ തുടങ്ങി. കൊറോണയുടെ (corona) ഏറ്റവും പുതിയ വകഭേദമായ ബിഎഫ്.7 (BF.7) ന്റെ നാലു കേസുകള്‍ ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിന് നിരന്തരം ജനിതക വ്യതിയാനം സംഭവിക്കാറുണ്ട്. അത് കാരണം അതിന്റെ ലക്ഷണങ്ങളും മാറിക്കൊണ്ടിരിക്കുന്നു. വാക്‌സിനേഷന്‍ എടുത്തവര്‍ക്കു പോലും വീണ്ടും വീണ്ടും കോവിഡ് ബാധിക്കുന്ന നിരവധി കേസുകള്‍ നാം കണ്ടിട്ടുണ്ട്. പുതിയ വകഭേദം ബാധിച്ച യുകെയിലെ രോഗികള്‍ തങ്ങള്‍ക്കുണ്ടായ രോഗലക്ഷണങ്ങളെക്കുറിച്ച് ആരോഗ്യ പഠന ആപ്പായ ZOE ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്‍ പ്രകാരമുളള പ്രധാനലക്ഷണങ്ങള്‍ ഇവയാണ്.

-തൊണ്ടവേദന
– തുമ്മല്‍
– മൂക്കൊലിപ്പ്
– മൂക്കടപ്പ്
-കഫമില്ലാത്തയുളളചുമ
-തലവേദന
-കഫത്തോടുകൂടിയചുമ
-സംസാരിക്കാനുളള ബുദ്ധിമുട്ട്
– പേശി വേദന
-മണം തിരിച്ചറിയാനാകാത്ത അവസ്ഥ
– കടുത്ത പനി
-വിറയലോടുകൂടിയ പനി
– വിട്ടുമാറാത്ത ചുമ
-ശ്വാസതടസ്സം
-ക്ഷീണം തോന്നല്‍
-വിശപ്പില്ലായ്മ
-വയറിളക്കം
-ശാരീരിക സുഖമില്ലായ്മ

രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ എന്തുചെയ്യണം?

അണുബാധയുണ്ടായി അഞ്ച് ദിവസത്തിന് ശേഷവും പലരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരുന്നില്ലെന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പറയുന്നു. അതേസമയം ചില ആളുകള്‍ക്ക് രോഗം ബാധയുണ്ടായി 10 ദിവസത്തിനുശേഷവും മറ്റുള്ളവരിലേക്ക് അണുബാധ പകര്‍ത്താനാകും.അതിനാല്‍ ഇത്തരം രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ അത് അവഗണിക്കരുത്. അഞ്ച് ദിവസത്തേക്ക് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണംം. കുറഞ്ഞത് 10 ദിവസമെങ്കിലും പ്രായമായവരുമായും-കുട്ടികളുമായും അടുത്തിടപെടരുത്.

24 മണിക്കൂർ, അഞ്ചു ലക്ഷത്തിലധികം കോവിഡ് രോഗികൾ, ആയിരത്തിലധികം മരണങ്ങൾ

ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തിക്കൊണ്ട് കോവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ്. ചൈനയിൽ മാത്രമല്ല, ലോകമെമ്പാടും കൊറോണ കേസുകൾ അതിവേഗം വർദ്ധിക്കാൻ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5.37 ലക്ഷം കേസുകളാണ് ലോകത്താകമാനം റിപ്പോർട്ട് ചെയ്തത്. പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ 1396 പേർ മരണപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജപ്പാനിലാണ് ഏറ്റവും കൂടുതൽ കേസുകൾ കണ്ടെത്തിയിരിക്കുന്നത്. അതേസമയം അമേരിക്കയിലും 50,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചെെനയിൽ കോവിഡ് സംഹാരതാണ്ഡവമാടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ദിനംപ്രതി കോവിഡ് വ്യാപനക്കേസുകൾ ചെശനയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പകർച്ചവ്യാധി മൂലം നിരവധിപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

പലരജ്യങ്ങളിലും രോഗികളെ ചികിത്സിക്കാൻ ആശുപത്രികളിൽ ഇടമില്ലാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. ചെെനയിൽ സ്ഥിതി അതിരൂക്ഷസമായി തുടരുകയാണ്. പുതിയ കോവിഡ് തരംഗം ചെെനയിലെ ആശുപത്രികൾ നിറച്ചുകഴിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ചൈനയ്ക്ക് പുറമെ, അമേരിക്ക, ജപ്പാൻ തുടങ്ങി ലോകത്തിലെ എല്ലാ രാജ്യങ്ങളിലും കോവിഡിൻ്റെ പുതിയ വകഭേദം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയും സംസ്ഥാനങ്ങളും കോവിഡിൻ്റെ പുതിയ വകഭേദത്തിനെതിരെ അതീവ ജാഗ്രതയിലാണ്. പകർച്ചവ്യാധിക്കെതിരെ നടപടികൾ കെെക്കൊണ്ടിട്ടുള്ളതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി രംഗത്തെത്തുകയും ചെയതിട്ടുണ്ട്.

24 മണിക്കൂറിനുള്ളിൽ അഞ്ചുലക്ഷത്തിലധികം കേസുകൾ ആയിരത്തിലധികം മരണം

കോവിഡ് വ്യാപനത്തിൻ്റെ ദിനംപ്രതിയുള്ള സ്ഥിതിവിവരക്കണക്കുകൾ നിരീക്ഷിക്കുന്ന സംഘടനയായ വേൾഡോമീറ്റർ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്താകമാനം 5.37 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1396 പേർ കോവിഡ് മൂലം മരിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്താകമാനം 65,94,97,698 കോവിഡ് കേസുകളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. നിലവിൽ 20 കോടി സജീവ കേസുകളുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതൽ കേസുകൾ കണ്ടെത്തിയിരിക്കുന്നത് ജപ്പാനിൽ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജപ്പാനിൽ 2.06 ലക്ഷം കൊറോണ കേസുകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. 296 മരണങ്ങളും അവിടെ സംഭവിച്ചു. അതേസമയം അമേരിക്കയിൽ 50,000-ത്തിലധികം കോവിഡ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. 323 പേർക്കാണ് അവിടെ ജീവൻ നഷ്ടപ്പെട്ടത്. ഇതുകൂടാതെ ദക്ഷിണ കൊറിയയിൽ 88,172 കേസുകളും ഫ്രാൻസിൽ 54,613 കേസുകളും ബ്രസീലിൽ 44415 കേസുകളും കണ്ടെത്തിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ ബ്രസീലിൽ 197 പേർ പകർച്ചവ്യാധി മൂലം മരിച്ചതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യ ശാന്തം, പക്ഷേ…

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 145 കേസുകൾ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. പുതിയ കോവിഡ് വ്യാപനം മൂലം ആർക്കും ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളില്ല. കോവിഡിൻ്റെ ആരംഭത്തിനു ശേഷം രാജ്യത്ത് ഇതുവരെ 44,677,594 കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ 5.3 ലക്ഷം പേർക്ക് കോവിഡ് മൂലം ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. നിലവിൽ രാജ്യത്ത് 4672 സജീവ കേസുകൾ മാത്രമാണുള്ളത്.

ചെെനയിലെ സ്ഥിതി അതീവഗുരുതരം

ചൈനയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ബുധനാഴ്ച രാജ്യത്തുടനീളം 3,030 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനിടെ മരണങ്ങളൊന്നും അവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ചൊവ്വാഴ്ച അഞ്ചുപേർക്കാണ് കോവിഡ് ബാധമൂലം സജീവൻ നഷ്ടപ്പെട്ടത്. റിപ്പോർട്ടുകളിൽ മരണസംഖ്യകൾ കുറവായാണ് കാണുന്നതെങ്കിലും ചൈനയിൽ നിന്ന് പുറത്തുവരുന്ന വീഡിയോകളും ചിത്രങ്ങളും മറ്റൊരു കഥയാണ് പറയുന്നത്. മാത്രമല്ല കോവിഡ് വ്യാപനത്തിൻ്റെ അതിരൂക്ഷത മൂലം ചൈനയിലെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നുണ്ട്.

ദൃശ്യങ്ങളിൽ ചെെന നിലവിളിക്കുന്നു

സമുഹമാധ്യമങ്ങളിൽ വെെറലാകുന്ന ചൈനീസ് ആശുപത്രികളുടെയും ശ്മശാനങ്ങളുടെയും വീഡിയോകളിലൂടെ ചൈനയിലെ അവസ്ഥ വളരെ മോശമാണെന്നുള്ള സൂചനകളാണ് പുറത്തു വരുന്നത്. ആശുപത്രികളിൽ മൃതദേഹങ്ങൾ കൂമ്പാരമായി കൂടിക്കിടക്കുന്നത് കാണാൻ സാധിക്കും. അതേ സമയം, ശ്മശാനങ്ങൾക്ക് പുറത്ത് കാറുകളുടെ നീണ്ട നിരയും കാണാൻ സാധിക്കുന്നുണ്ട്. ബന്ധുക്കളുടെ അന്ത്യകർമങ്ങൾ നടത്താൻ ജനങ്ങൾ കാത്തിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

വിവരങ്ങൾ ഒളിച്ചു വയ്ക്കാതെ പുറത്തുവിടൂ

കോവിഡ് വ്യാപനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വളരെക്കുറവ് കോവിഡ് കേസുകൾ മാത്രമാണ് ചെെനയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസി ചീഫ് ഡോ. മൈക്കൽ റയാൻ പറഞ്ഞു. എന്നാൽ അവിടെ ഐസിയു ഉൾപ്പെടെ നിറഞ്ഞിരിക്കുകയാണ്. വ്രഴ വലിയ പകർച്ചാ സ്വഭാവം കാണിക്കുന്ന ഈ വൈറസിനെ പൂർണ്ണമായും തടയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞങ്ങൾ മുൻപേ മുന്നറിയിപ്പു നൽകയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജനങ്ങളെ ആരോഗ്യവത്കരിച്ചും സാമൂഹികവുമായ നടപടികളിലൂടെയും മാത്രമേ രോഗവ്യാപനം തടയാനാകു എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സർക്കാർ ജാഗ്രതയിലാണ്

ലോകത്തെ മിക്ക രാജ്യങ്ങളിലും കോവിഡിൻ്റെ പുതിയ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സർക്കാർ അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസം രോഗവ്യാപനത്തെ സംബന്ധിച്ച് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകിക്കഴിഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വണത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ യോഗം ചേർന്നു. എല്ലാ സാഹചര്യങ്ങളെയും നേരിടാനുള്ള തയ്യാറെടുപ്പുകൾ കേന്ദ്ര സർക്കാർ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യമെന്നും ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും ബന്ധപ്പെട്ട എല്ലാവർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വാക്സിൻ എടുക്കാനായി ജനങ്ങളോട് അഭ്യർത്ഥിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരുകളും ജാഗ്രതയിലാണ്

കേന്ദ്ര ആരോഗ്യ മന്ത്രാലയം രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാ സംസ്ഥാനങ്ങളും കോവിഡ് -19 ബാധിച്ച കേസുകളുടെ സാമ്പിളുകൾ സീക്വൻസിംഗിനായി ജീനോം സീക്വൻസിംഗ് ലാബിലേക്ക് അയയ്‌ക്കണമെന്നും അതുവഴി പുതിയ വകഭേദങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടെത്താനാകുമെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ മന്ത്രാലയത്തിൻ്റെ കത്തിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിരുന്നു.

യുപിയിൽ 98 സജീവ കേസുകൾ

ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പുതിയ കേസുകൾ കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് ഇപ്പോൾ 98 സജീവ കേസുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 28,602 പേരെ പരിശോധിച്ചിട്ടുണ്ട്. യുപിയിൽ നിലവിൽ 93 രോഗബാധിതർ ഹോം ഐസൊലേഷനിലാണ്. രണ്ടു പേർ കോവിഡ് ബാധിച്ച് ആശുപത്രിയിലും.

യോഗി സർക്കാർ യോഗം വിളിച്ചു

ഉത്തർപ്രദേശിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതിന് പിന്നാലെ വിദേശത്ത് നിന്ന് വരുന്നവരെ പരിശോധനയ്ക്ക് വിധേയരാക്കാൻ യുപി സർക്കാർ നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ പല സുപ്രധാന തീരുമാനങ്ങളും കൈക്കൊള്ളാുമെന്നാണ് സൂചനകൾ. ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക് സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പരിശമാധന മുതൽ ചികിത്സ വരെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിരികക്കുകയാണ്. യുപി സർക്കാർ സംസ്ഥാനത്തിനകത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഡൽഹിയും ഭയത്തിലാണ്

ഡൽഹിയിൽ ബുധനാഴ്ച അഞ്ചു കോവിഡ് വൈറസ് കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്. 2642 പേരെ പരിശോധിച്ചിട്ടുണ്ട്. പോസിറ്റീവ് നിരക്ക് 0.19% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ കൊറോണ ബാധിച്ചുള്ള ഒരു മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം എട്ട് രോഗികൾ കോവിഡ് വിമുക്തരായെന്നും ഡെൽഹി സർക്കാർ അറിയിച്ചു. 19 കോവിഡ് രോഗികൾ രോഗികൾ ഹോം ഐസൊലേഷനിലാണ്, മൂന്നു രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ രണ്ടു പേർ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഇതിലൊരാൾ ഓക്സിജൻ സപ്പോർട്ടിലാണെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. നിലവിൽ ഡൽഹിയിൽ 27 സജീവ കോവിഡ് രോഗികളുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കൊറോണ കേസുകൾ സംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് സുപ്രധാന യോഗം വിളിച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയിലും അതീവജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനത്തിൻ്റെ കഴിഞ്ഞ തരംഗത്തിൽ ഏറ്റവും കൂടുതൽ ബാധിച്ചത് മഹാരാഷ്ട്രയെയായിരുന്നു. ഇത് കണക്കിലെടുത്ത് മുൻകരുതലുകൾ സർക്കാർ കെെക്കൊണ്ടിട്ടുണ്ട്. ചൈനയിൽ നിന്നും എത്തുന്നവരുടെ വരുന്നവരുടെ തെർമൽ സ്കാനിംഗ് സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കും. രോഗബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നവരെ ക്വാറൻ്റെെനിൽ പ്രവേശിപ്പിക്കും. ഇതിനെല്ലാം പുറമേ അമഹാരാഷ്ട്ര സർക്കാർ കോവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ചൈനയിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബുധനാഴ്ച ആശങ്ക പ്രകടിപ്പിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ വിദഗ്ധരുടെ ഒരു സംഘം രൂപീകരിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥരോട് മമത ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കർണാടകയും ജാഗ്രതയിൽ

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർണാടക സർക്കാരും മുൻകരുതലുകൾ സ്വീകരിച്ചു തുടങ്ങി. വർധിച്ചുവരുന്ന കൊവിഡ്-19 കേസുകൾ, രാജ്യാന്തര തലത്തിൽ വ്യാപിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് കർണ്ണാടക മുഖ്യമന്ത്രി വ്യക്തമാക്കി. പരിശോധന വേഗത്തിലാക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം, ഒഡീഷ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ സർക്കാരുകളും കോവിഡ് വ്യാപനത്തിനെതിരെ ഒരുക്കങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പുതിയ മാർഗരേഖ പുറത്തിറക്കാൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചു. ജീനോം സീക്വൻസിംഗും അതുവഴിയുള്ള തുടർ നിരീക്ഷണങ്ങളും വേഗത്തിലാക്കാൻ ഒഡീഷ സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് വ്യപനത്തിൻ്റെ പശഎചാത്തലത്തിൽ കേരളത്തിലും ജില്ലാ ഭരണകൂടങ്ങൾ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.