ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുന്നു. 84,483 പേരാണ് ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ബുധനാഴ്ച്ച് 85,000ല്‍ അധികം പേര്‍ ദര്‍ശനത്തിന് എത്തിയിരുന്നു.
അതേസമയം മണ്ഡല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായുള്ള കര്‍പ്പൂരാഴി ഘോഷയാത്ര ഇന്ന് വൈകുന്നേരംസന്നിധാനത്ത് നടക്കും. ദീപാരാധനയ്ക്കുശേഷമാകും ഘോഷയാത്ര നടത്തുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ വകയായാണ് കര്‍പ്പൂരാഴി. ക്ഷേത്രതന്ത്രി കണ്ഠര് രാജീവര് ക്ഷേത്രകൊടിമരത്തിനു മുന്നിലായി കര്‍പ്പൂരാഴിക്ക് അഗ്നി പകരും. മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലില്‍ എത്തി പതിനെട്ടാം പടിക്ക് മുന്നിലേക്കാണ് കര്‍പ്പൂരാഴി ഘോഷയാത്ര നടത്തുക. ഇതിന് പുറമെ സന്നിധാനത്ത് ഡ്യൂട്ടിയിലുളള പോലീസ് ഉദ്യോഗസ്ഥരുടെ വകയായി നാളെ കര്‍പ്പൂരാഴി ഘോഷയാത്ര ഉണ്ടാകും.
ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ
sabarimalaonline.org എന്ന വെബ്സൈറ്റില്‍ പേര്, ജനന തീയതി, മേല്‍വിലാസം, പിന്‍കോഡ്, തിരിച്ചറിയല്‍ രേഖ, സ്‌കാന്‍ ചെയ്ത ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. ഇ- മെയില്‍ ഐഡി നല്‍കി പാസ് വേഡ് സൃഷ്ടിക്കണം. ഇതു വീണ്ടും ഉറപ്പാക്കിയശേഷം നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തി ബോക്സില്‍ ടിക്ക് ചെയ്യണം. ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഇത് സൈറ്റില്‍ നല്‍കിയാല്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും.
ദര്‍ശനസമയം തിരഞ്ഞെടുക്കാം
വെബ്സൈറ്റിലെ ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നേരത്തെ സെറ്റ് ചെയ്ത ഇ-മെയില്‍ ഐഡിയും പാസ് വേഡും നല്‍കി ലോഗിന്‍ ചെയ്യണം. വിന്‍ഡോയില്‍ വെര്‍ച്വല്‍ ക്യൂ ബട്ടണ്‍ അമര്‍ത്തിയാല്‍ ദര്‍ശന സമയം തിരഞ്ഞെടുക്കാവുന്നതാണ്. 10 പേരെ ഒരു അക്കൗണ്ടില്‍ ബുക്ക് ചെയ്യാം. വ്യക്തിഗത വിവരങ്ങള്‍ കൃത്യമാകണം. ഇതിനായി ‘ആഡ് പില്‍ഗ്രിം’എന്ന ബട്ടണ്‍ അമര്‍ത്തുക. ഒരോ വ്യക്തിയുടെയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കണം. ദര്‍ശനത്തിന് ഉദ്ദേശിക്കുന്ന ദിവസവും സമയവും നല്‍കണം. ഇതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായെന്ന സന്ദേശം മൊബൈലില്‍ ലഭിക്കും. കൂപ്പണ്‍ പ്രിന്റ് ചെയ്ത് കൈയില്‍ കരുതണം. ബുക്കുചെയ്ത കൂപ്പണിന്റെ കോപ്പി മൊബൈല്‍ ഫോണില്‍ കാണിച്ചാലും മതി.
അപ്പം-അരവണ ബുക്കിംഗ്
അപ്പം, അരവണ, വിഭൂതി, നെയ്യ് എന്നിവയ്ക്ക് ഓണ്‍ലൈനായി തുകയടയ്ക്കാനുള്ള സംവിധാനവും പോര്‍ട്ടലിലുണ്ട്.
സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍
ശ്രീകണ്‌ഠേശ്വരം, പി.ഡി. മണികണ്‌ഠേശ്വരം, വലിയകോയിക്കല്‍ക്ഷേത്രം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍, എരുമേലി, ഏറ്റുമാനൂര്‍, വൈക്കം, പെരുമ്പാവൂര്‍, കീഴില്ലം, വണ്ടിപ്പെരിയാര്‍ സത്രം, നിലയ്ക്കല്‍, ചെറിയാനവട്ടം.