ബ്രഹ്മപുത്ര നദി 10 മണിക്കൂര്‍ കൊണ്ട് 120 കിലോമീറ്റര്‍ നീന്തി കടന്ന് ബംഗാൾ കടുവ

0
117

ബ്രഹ്മപുത്ര നദി 10 മണിക്കൂര്‍ കൊണ്ട് 120 കിലോമീറ്റര്‍ നീന്തി കടന്ന് ബംഗാൾ കടുവ. അസമിലെ ഗുവഹാത്തിയിലെ ഒറംഗ നാഷണല്‍ പാര്‍ക്കിലെ കടുവയാണ് നദി മുറിച്ചു കടന്ന് പുരാതന ക്ഷേത്രമായ ഉമാനന്ദ ക്ഷേത്രം സ്ഥിതി ചെയ്യുന്ന മയില്‍ ദ്വീപിലേക്ക് കയറിയത്. വെള്ളം കുടിക്കുന്നതിനിടെ നാഷണല്‍ പാര്‍ക്കില്‍ വച്ച് അബദ്ധത്തില്‍ പുഴയില്‍ വീണതാകാമെന്നാണ് നിഗമനം. ഏറെ പ്രയാസപ്പെട്ടാണ് ജനവാസ മേഖലയായ ദ്വീപിലെ ഇടുങ്ങിയ ഗുഹയില്‍ നിന്ന് കടുവയെ പിടികൂടിയത്.

പിടികൂടാനാകാതെ വന്നപ്പോൾ ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും സ്ഥലത്തെത്തി. സമീപവാസികൾക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ഭക്തരെയും പുരോഹിതരെയും ദ്വീപില്‍ നിന്ന് മാറ്റുന്ന നടപടികളും സ്വീകരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗ ഡോക്ടറുമാരും ചേര്‍ന്ന് ഏറെ ശ്രമത്തിനൊടുവില്‍ കടുവയെ പിടികൂടി കൂട്ടിലടച്ചു.

കടുവയ്ക്ക് ആരോഗ്യ പ്രശ്‍നങ്ങളൊന്നും ഇല്ലെന്നും മൃഗശാലയിലേക്ക് മാറ്റിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുഴയില്‍ ഒഴുക്കിനെ അവഗണിച്ച് നീന്തുന്ന ബംഗാള്‍ കടുവയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ നിമിഷങ്ങള്‍ക്കകം വൈറലായിരുന്നു.